ബഷീർ കടലുണ്ടിയുടെ മരണം: മുഹ്സിൻ ഉമ്മയുടെ അടുത്തെത്തി
text_fieldsമക്ക: താമസകേന്ദ്രത്തിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ച ബഷീർ കടലുണ്ടിയുടെ മകൻ മുഹ്സിൻ മക്കയിൽ ഉമ്മയുടെ അടുത്തെത്തി. ശനിയാഴ്ച പുലർച്ചെ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ മുഹ്സിനെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ മക്ക അസീസിയയിലെ
300 ാം നമ്പർ കെട്ടിടത്തിൽ കഴിയുന്ന ഉമ്മ സാജിതയുടെ അടുത്തെത്തിച്ചു. ഇന്ന് രാത്രി ഇവർ മിനായിലേക്ക് പുറപ്പെടും. ഹജ്ജ് കർമത്തിൽ ഉമ്മക്ക് താങ്ങാവാൻ മകനെത്തിയത് വലിയ ആശ്വാസമായിരിക്കയാണ്. തന്നെ ഉമ്മയുടെ അടുത്തെത്തിക്കണമെന്ന മുഹ്സിെൻറ അപേക്ഷയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉൗർജിത നടപടികൾ സ്വീകരിച്ചതാണ് ഇൗ അപൂർവ സൗകര്യം ലഭ്യമാക്കിയത്. സാധാരണ ഇത്തരം ഘട്ടങ്ങളിൽ ബന്ധുക്കൾക്ക് മക്കയിലെത്തുക പ്രയാസകരമാണ്.
കഴിഞ്ഞ 11ാം തിയതിയാണ് അസീസിയയിലെ താമസകേന്ദ്രത്തിൽ കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം സ്കൂൾ റിട്ട. അധ്യാപകൻ ബഷീർ കടലുണ്ടി നിലയില്ലാത്ത ലിഫ്റ്റിൽ കയറി ചേംബറിനുള്ളിൽ വീണ് ദാരുണമായി മരിച്ചത്. കെട്ടിട അധികൃതരുടെ അനാസ്ഥ വലിയ ദുരന്തത്തിലാണ് കലാശിച്ചത്. പ്ലാറ്റ് ഫോം ഇല്ലാതെ ലിഫ്റ്റ് പ്രവർത്തിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.
ബഷീർ മാസ്റ്ററുടെ മൃതദേഹം ഇതുവരെ ഖബറടക്കിയിട്ടില്ല. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ട അപകടമായതിനാലാണ് നിയമ നടപടികൾ വൈകുന്നതെന്നാണ് ഇന്ത്യൻകോൺസുലേറ്റ് അധികൃതർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.