ബത്ഹ നവീകരണം ഉടൻ
text_fieldsറിയാദിലെ വാണിജ്യ കേന്ദ്രമായ ബത്ഹയിലെ കേരള മാർക്കറ്റ് ( ഫോട്ടോ: നൗഷാദ് കിളിമാനൂർ)
റിയാദ്: സുരക്ഷയുടെയും മോടിപിടിപ്പിക്കുന്നതിെൻറയും ഭാഗമായി നഗരകേന്ദ്രമായ ബത്ഹയുടെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു.
പഴക്കംചെന്നതും സുരക്ഷ മാനദണ്ഡം ലംഘിക്കുന്നതുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കും.
ഇതുമായി ബന്ധപ്പെട്ട് നൂറോളം സ്ഥാപനങ്ങളുടെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. കച്ചവടസ്ഥാപനങ്ങളുടെ ബാഹുല്യംകൊണ്ടും ജനത്തിരക്ക് കൊണ്ടും വീർപ്പുമുട്ടി.
ഇടക്കാലത്ത് നടപ്പാതകൾ പലപ്പോഴും വഴിയോര വാണിഭക്കാരുടെ പിടിയിലായി. നിരത്തുകളിൽ നിറയുന്ന ടാക്സികളും ഗതാഗതക്കുരുക്കുകളും അധികൃതർക്ക് തലവേദനയായി.
പ്രവാസത്തിെൻറ ആദിമ നാളുകളിൽ തന്നെ ജനങ്ങൾക്കിഷ്ടമായിരുന്ന ഈ നഗരഹൃദയം. പിന്നീട് ഏഷ്യൻ വംശജരുടെ വാണിജ്യകേന്ദ്രമായി വളർന്നു. വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ക്ലിനിക്കുകൾ തുടങ്ങി എല്ലാ ആവശ്യങ്ങൾ നിറവേറ്റാനും സൗഹൃദ സംഗമങ്ങളുടെ വേദിയായി മാറാനും കഴിഞ്ഞു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പൊതുഗതാഗത സംവിധാനമാണ് ബത്ഹയെ കൂടുതൽ ജനപ്രിയമാക്കിയത്.
പതിറ്റാണ്ടുകളായി പ്രവാസി മലയാളികളുടെ ഒരു വൈകാരിക കേന്ദ്രം കൂടിയാണ് ബത്ഹ.
പരസ്പരം കണ്ടുമുട്ടുകയും കഥകൾ പറയുകയും ചെയ്തിരുന്ന ഗൃഹാതുരമായ ഒരിടം. പ്രവാസത്തിെൻറ സന്തോഷങ്ങളും നൊമ്പരങ്ങളും പങ്കുവെച്ച സാധാരണക്കാരായ മലയാളികളുടെ 'സങ്കട ഗല്ലി'കൾ. രാവുറങ്ങുന്നതു വരെ ഉണർന്നിരുന്ന തെരുവുകൾ എല്ലാം ഇനി കാലത്തിെൻറ അനിവാര്യമായ മാറ്റങ്ങൾ സ്വീകരിച്ച് പുതിയമുഖം കൈവരിക്കും.
ബത്ഹയിലെ മലയാളി സാന്നിധ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയമാറ്റം.
നിതാഖത്തിെൻറയും സൗദിവത്കരണത്തിെൻറയും ഭാഗമായി കൂടൊഴിഞ്ഞുപോകുന്ന സംരംഭങ്ങൾ നിത്യക്കാഴ്ചയാണ്.
താങ്ങാനാവാത്ത ലെവിയും കോവിഡ് സൃഷ്ടിച്ച സമ്മർദങ്ങളുമാണ് വ്യാപാരരംഗത്തെ അധികമാളുകളെയും പ്രവാസത്തിെൻറ മണ്ണ് വിട്ട് നാട്ടിലേക്ക് പറക്കാൻ പ്രേരിപ്പിക്കുന്നത്. ബത്ഹയുടെ പുതിയമുഖം സൗന്ദര്യവത്കരണത്തിെൻറ മാത്രം ഭാഗമായിരിക്കില്ല. സൗകര്യപ്രദമായി ജനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാനും ആരോഗ്യസുരക്ഷാ കാര്യം മുൻനിർത്തിയുമായിരിക്കും പരിഷ്കരണം.
വ്യാഴവട്ടങ്ങളായി മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഒരു പ്രദേശത്തിെൻറ നവീകരണ പ്രവർത്തനം എങ്ങനെയായിരിക്കുമെന്ന ഉദ്വേഗത്തിലാണ് വ്യാപാരികളും പ്രവാസി സമൂഹവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.