'ജിദ്ദയിലെ മാലിദ്വീപ്'; സ്ഫടികംപോലെ തെളിഞ്ഞ വെള്ളത്താൽ ചുറ്റപ്പെട്ട ബയാദ ദ്വീപ് സന്ദർശകരെ ആകർഷിക്കുന്നു
text_fieldsചെങ്കടലിലെ ബയാദ ദ്വീപിന്റെ വിവിധ കാഴ്ചകൾ
ജിദ്ദ: സൗദിയിലെ ഏറ്റവും വ്യത്യസ്തമായ തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെങ്കടലിലെ ജിദ്ദ തീരത്ത് സ്ഥിതി ചെയ്യുന്ന, 'ജിദ്ദയിലെ മാലിദ്വീപ്' എന്നറിയപ്പെടുന്ന ബയാദ ദ്വീപ്. അതുല്യമായ പ്രകൃതി സാഹചര്യങ്ങളിലൂടെയും സമുദ്ര പരിസ്ഥിതിയിലൂടെയും സന്ദർശക അനുഭവത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്ന സുസ്ഥിര ടൂറിസത്തിന്റെ ജീവസുറ്റ മാതൃകയാണ് ഈ ദ്വീപ്. പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ട്, എന്നാൽ കരയും സസ്യജാലങ്ങളുമൊന്നുമില്ലാതെ ചെങ്കടലിന്റെ ഹൃദയഭാഗത്ത് പൊങ്ങിക്കിടക്കുന്നതായി തോന്നുന്ന ഒരു ദ്വീപാണിത്.
സ്ഫടികം പോലെ തെളിഞ്ഞ ഉൾക്കടലിലെ ടർക്കോയ്സ് ജലം, മൃദുവായ വെളുത്ത മണൽ, അപൂർവ പവിഴപ്പുറ്റുകൾ എന്നിവയാൽ കൺകുളിർക്കുന്ന കാഴ്ച്കൾ സന്ദർശകർക്ക് ഒരു പനോരമിക് അനുഭവം നൽകുന്നു. ശാന്തവും തെളിഞ്ഞതുമായ വെള്ളത്തിനും വിവിധങ്ങളായ സമുദ്രജീവികൾക്കും ഈ ദ്വീപ് ഏറെ പ്രശസ്തമാണ്.ചെങ്കടലിലെ ഡൈവിംഗ്, മറൈൻ ആക്ടിവിറ്റി സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന ഈ ദ്വീപിലേക്ക് ജിദ്ദ നഗരത്തിൽ നിന്ന് ബോട്ടിൽ ഏകദേശം 40 മിനിറ്റ് യാത്ര ചെയ്താൽ എത്താം. 700 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ദ്വീപിൽ ശരാശരി നാലു മീറ്റർ ആഴത്തിൽ വെള്ളമുണ്ട്. ഡൈവിംഗ്, നീന്തൽ, കയാക്കിംഗ്, വാട്ടർ സ്കയിംഗ്, ബോട്ട് ഉല്ലാസയാത്രകൾ എന്നിവക്ക് ഏറെ അനുയോജ്യമായ ഇടമാണിത്. ബയാദയിലെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യവും ഊർജസ്വലമായ പവിഴപ്പുറ്റുകളും സന്ദർശകർക്ക് അസാധാരണമായ ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുന്നു. മത്സ്യബന്ധന പ്രേമികൾക്ക് ദ്വീപിന്റെ ശുദ്ധജലത്തിൽ സവിശേഷ അനുഭവം ആസ്വദിക്കാനും കഴിയും.
ആഭ്യന്തര സന്ദർശകർ, അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എന്നിവരുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറിയിട്ടുണ്ട് ഈ ദ്വീപ്. സൗദി ചെങ്കടൽ അതോറിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സേവനങ്ങളും തീരദേശ വിനോദസഞ്ചാരത്തിനായുള്ള വ്യക്തമായ മാർഗനിർദേശങ്ങളും ദ്വീപിന്റെ ജനപ്രീതിയുടെ വളർച്ചക്ക് കാരണമായി.സ്വകാര്യ മേഖലയിലെ സേവന ദാതാക്കളും പ്രാദേശിക സംരംഭകരും ദ്വീപിലെ ടൂറിസം വർധിപ്പിക്കുന്നതിൽ സജീവ പങ്കുവഹിക്കുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതിനും സീസനൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന സമുദ്ര സാഹസികതകളും വിനോദ അനുഭവങ്ങളും സൗദി ചെങ്കടൽ അതോറിറ്റി വാഗ്ദാനം ചെയ്യുന്നു.
ചെങ്കടലിന്റെ അതുല്യമായ പാരിസ്ഥിതികവും പ്രകൃതിദത്തമായ പൈതൃകവും സന്ദർശകരെ ഈ മേഖലകളിലേക്കുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നു. സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെ പിന്തുണക്കുന്നതിനും സന്ദർശകരെ ഉത്തരവാദിത്തത്തോടെ സ്വാഗതം ചെയ്യാൻ ദ്വീപിനെ സജ്ജമാക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുടെ നിരന്തരമായ പാരിസ്ഥിതിക നിരീക്ഷണത്തിലാണ് ബയാദ ദ്വീപ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.