ഇറച്ചിക്കോഴിയുടെ സുരക്ഷയും ഗുണനിലവാരവും ഉയർത്താൻ ബയോടെക് കരാർ
text_fieldsഅൽഖോബാർ: ബ്രോയ്ലർ കോഴികളുടെ സുരക്ഷയും ഗുണനിലവാരവും വർധിപ്പിക്കുന്നതിന് ബയോടെക് കരാർ നിലവിൽ വന്നു. സുസ്ഥിര ഇറച്ചിക്കോഴി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന പരിഹാരങ്ങൾ തേടുന്നതിന് നാഷനൽ ലൈവ്സ്റ്റോക്ക്, ആഗോള ബയോടെക് സ്ഥാപനമായ ഫേജ്ഗാർഡുമായും പ്രമുഖ കോഴിയിറച്ചി ഉത്പാദകരായ തന്മിയ ഫുഡ് കമ്പനിയുമായും ചേർന്ന് ധാരണപാത്രത്തിൽ ഒപ്പിട്ടു.
മന്ത്രി മൻസൂർ അൽമുഷൈതിയുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ധാരണപത്രം പ്രാദേശികമായും ആഗോളമായും ഉയർന്ന ഗുണനിലവാരവും മത്സരശേഷിയും മെച്ചപ്പെടുത്താനുള്ള സൗദി അറേബ്യയുടെ നീക്കത്തിന്റെ ഭാഗമാണ്. ധാരണപത്ര പ്രകാരം ഫേജ്ഗാർഡ് പ്രാദേശിക ഏജന്റായ പോർട്ടാലിസ് കാപിറ്റൽ വഴി തങ്ങളുടെ ബയോടെക്നോളജി തൻമിയ ഫുഡ് കമ്പനിക്ക് നൽകും. അവർ സൗദി വിപണിയിൽ ഈ സാങ്കേതികവിദ്യകൾ നടപ്പാക്കും.
ഈ കരാർ ഇറച്ചിക്കോഴി വ്യവസായ വികസനത്തെ പിന്തുണക്കുകയും ഉൽപാദന ക്ഷമത വർധിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ആന്റിബയോട്ടിക്കുകൾ ഒരു ജൈവ ബദലായി ബാക്ടീരിയോഫേജ് സാങ്കേതികവിദ്യയിൽ കേന്ദ്രീകരിക്കുന്നു. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നു. സാൽമൊണെല്ല ബാക്ടീരിയയുടെ വ്യാപനം കുറക്കാനും ആന്റിബയോട്ടിക് ഉപയോഗം കുറക്കാനും സുരക്ഷിതമായ ഭക്ഷ്യഉൽപാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് കോഴിയിറച്ചിയിലും മുട്ടകളിലും സാൽമൊണെല്ല മൂലമുണ്ടാകുന്ന ഭക്ഷ്യജന്യരോഗ സാധ്യതകൾ ലഘൂകരിക്കാനും ഉൽപന്ന ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കാനും പ്രാദേശിക ആഗോള വിപണികളിൽ മത്സരശേഷി ശക്തിപ്പെടുത്താനും സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.