കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ; ആറ് സൗദി മന്ത്രാലയങ്ങളിലെ 142 ഉദ്യോഗസ്ഥർ പിടിയിൽ
text_fieldsയാംബു: സൗദിയിൽ കഴിഞ്ഞ മാസം അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ റെയ്ഡുകളിൽ 142 ഉദ്യോഗസ്ഥർ പിടിയിലായെന്ന് കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ കമീഷൻ (നസഹ) അറിയിച്ചു. 425 പേർക്കെതിരെ അന്വേഷണം തുടരുകയാണ്. ആഭ്യന്തരം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം, നീതിന്യായം, മുനിസിപ്പൽ ഗ്രാമ കാര്യ-ഭവന നിർമാണം തുടങ്ങിയ ആറ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
പ്രതികളെ വിചാരണക്ക് ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി കമീഷൻ അറിയിച്ചു. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകൾ ദുരുപയോഗം ചെയ്യൽ, സങ്കുചിത താൽപര്യങ്ങൾക്കനുസരിച്ച് വ്യാജരേഖ ഉണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. പ്രതികളിൽ ചിലർ ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ ഇറങ്ങിയവരുമുണ്ടെന്ന് അന്വേഷണ കമീഷൻ അറിയിച്ചു.
ജൂലൈയിൽ 2,354 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റുചെയ്ത പ്രതികളെ തുടർ നടപടികൾക്കായി റഫർ ചെയ്തതായും കമീഷൻ വെളിപ്പെടുത്തി. രാജ്യത്തെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വഴിയിൽ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്ത വിധത്തിൽ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുന്നിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും കമീഷൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി ജല കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ, അഴിമതി വിരുദ്ധ അതോറിറ്റി പ്രമാദമായ ധാരാളം കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കിവരുന്നതായും മന്ത്രാലയം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.