ആനന്ദിെൻറ നോവലുകൾ ചർച്ച ചെയ്ത് ചില്ലയുടെ ഒക്ടോബർ വായന
text_fieldsറിയാദിലെ ചില്ല സർഗവേദിയുടെ ഒക്ടോബർ പരിപാടിയിൽ സതീഷ് വളവിൽ വായനക്ക് തുടക്കം കുറിക്കുന്നു
റിയാദ്: റിയാദിലെ ചില്ല സർഗവേദിയുടെ ഒക്ടോബർ വായനയിൽ നീതി, നിയമം, അധികാരം, രാഷ്ട്രസ്വത്വം, സമൂഹികജീവിതം, മാനവികത എന്നീ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ആനന്ദിെൻറ നോവലുകൾ ചർച്ച ചെയ്തു. എക്കാലത്തും അഭയാർഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവിധാനത്തെ ചർച്ചചെയ്യുന്ന ‘അഭയാർഥികൾ’ എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് സതീഷ് വളവിൽ വായനക്ക് തുടക്കം കുറിച്ചു.
പലകാലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് നീതിയെ പ്രശ്നവൽക്കരിക്കുന്ന ‘ഗോവർധെൻറ യാത്രകൾ’ എന്ന നോവലിെൻറ വായന നാസർ കാരക്കുന്ന് അവതരിപ്പിച്ചു. തൂക്കുകയറിന് പാകമായ കഴുത്തുള്ള ഒരാളെ കണ്ടെത്തി കുറ്റവാളിയാക്കി തൂക്കിലേറ്റാനുള്ള അധികാരയുക്തി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയിലുള്ള ആഴമുള്ള നിരീക്ഷണമാണ്.
‘വ്യാസനും വിഘ്‌നേശ്വരനും’ എന്ന കൃതിയുടെ വായന സുരേഷ് ലാൽ പങ്കുവച്ചു. ഭൂരിപക്ഷ അഭിപ്രായം എന്നതുകൊണ്ട് മാത്രം ഒരു കാര്യം നടപ്പാക്കിയാൽ അതിനെ ജനാധിപത്യമെന്ന് വിശേഷിപ്പിക്കാനാകുമോ എന്ന ചോദ്യം ഉന്നയിക്കുന്നതാണ് ഈ കൃതിയുടെ ഏറ്റവും ഉന്നതമായ ധർമമെന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു. ആനന്ദിെൻറ ആദ്യ നോവലായ ആൾക്കൂട്ടത്തിെൻറ വായന വിപിൻ കുമാർ പങ്കുവച്ചു. ജീവിതംകൊണ്ടും തൊഴിലും ആവശ്യങ്ങളും കൊണ്ട് വ്യത്യസ്തരായ മനുഷ്യരുടെ വഴികളും ആൾക്കൂട്ടത്തിനിടയിലെ ഏകാന്ത സഞ്ചാരങ്ങളും ദാർശനിക പ്രശ്‌നങ്ങളും ചർച്ച ചെയ്യുകയാണ് ഈ കൃതി.
‘അപഹരിക്കപ്പെട്ട ദൈവങ്ങൾ’ എന്ന നോവലിെൻറ വായന ഷിംന സീനത്ത് നിർവഹിച്ചു. ഏതെങ്കിലും ഒരു ദേശത്തോ വ്യവസ്ഥയിലോ നിന്ന് പുറത്തക്കപ്പെടുന്നവരുടെ ചരിത്രം തേടിയുള്ള യാത്രയുടെ കഥ പറയുന്ന ഈ നോവൽ തുടർച്ചയുള്ള മുറിവാണ് നൽകുന്നതെന്ന് ഷിംന പറഞ്ഞു. മരുഭൂമിക്ക് നടുവിൽ തടവുകാരെയും ദരിദ്രരായ ഗ്രാമീണരെയും ഉപയോഗിച്ച് അതിനിഗൂഢ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സ്റ്റേറ്റിെൻറ അധികാര ചൂഷണത്തിെൻറയും നീതി നിഷേധത്തിെൻറയും കഥ പറയുന്ന മരുഭൂമികൾ ഉണ്ടാകുന്നത് എന്ന നോവലിെൻറ വായന എം. ഫൈസൽ നിർവഹിച്ചു.
ജോമോൻ സ്റ്റീഫെൻറ ആമുഖം അവതരിപ്പിച്ചു. ബീന മോഡറേറ്റർ ആയിരുന്നു. ഫൈസൽ കൊണ്ടോട്ടി, വി.പി. ഇസ്മാഈൽ, സുനിൽ, അബ്ദുൽ നാസർ, മുഹമ്മദ് ഇഖ്ബാൽ വടകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ച് സീബ കൂവോട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

