സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്: നാളത്തെ മത്സരങ്ങളിൽ ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ് അടക്കം മികച്ച താരങ്ങൾ ബൂട്ടണിയും
text_fieldsജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടക്കുന്ന പ്രശസ്തമായ ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗി’ൽ നാളെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം അഞ്ച് വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഇന്ത്യൻ ഫുട്ബാൾ രംഗത്തെ പ്രമുഖ താരം സഹൽ അബ്ദുൽ സമദ് അടക്കം മികച്ച താരങ്ങൾ ബൂട്ടണിയുന്ന നാളത്തെ മത്സരങ്ങൾ ആരാധകർക്ക് വലിയ ആവേശം നൽകും. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളായ ഇസ്മായിൽ റഹ്‌മാൻ, അർഷൽ, റിസ്‌വാൻ അലി, ഫസ്‌ലുറഹ്‌മാൻ, ഇമ്രാൻ, അബ്ദുൽ സാദിഖ്, അബ്ദുൽ ഹന്നാൻ, ആസിഫ് ചെറുകുന്നൻ, റിഫ്ഹത് റഹ്‌മാൻ തുടങ്ങിയ പ്രഗല്ഭ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി നാളെ കളത്തിലിറങ്ങുന്നുണ്ട്.
ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്
വൈകീട്ട് നാലിന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡി ഡിവിഷൻ പോരാട്ടത്തിൽ ഇ.എഫ്.എസ് ലോജിസ്റ്റിക്‌സ് ജെ.എസ്.സി സോക്കർ അക്കാദമി ടീം പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ബി ടീമിനെ നേരിടും. തുടർന്ന് അഞ്ചിന് ബി ഡിവിഷനിലെ ആദ്യ മത്സരം നടക്കും. നിലവിലെ ബി ഡിവിഷൻ ചാമ്പ്യന്മാരായ ക്സൈക്ലോൺ മൊബൈൽ അക്‌സെസ്സറിസ് ഐ.ടി സോക്കർ എഫ്.സി ടീം, ഗ്ലോബ് ലോജിസ്റ്റിക്‌സ് ഫ്രൈഡേ എഫ്.സി ബി.സി.സിയെ നേരിടും. ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയ ഐ.ടി സോക്കർ എഫ്.സി തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കുമ്പോൾ, ആദ്യ മത്സരത്തിൽ നിർഭാഗ്യം കൊണ്ട് തോൽവി ഏറ്റുവാങ്ങിയ ഫ്രൈഡേ എഫ്.സിക്ക് ക്വാർട്ടർ പ്രവേശനത്തിന് ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
ബി ഡിവിഷനിലെ മറ്റ് നിർണായക മത്സരങ്ങളിൽ ഇ.എഫ്.എസ് ലോജിസ്റ്റിക്സ് വൈ.സി.സി സാഗൊ എഫ്.സി, എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സി തൂവലിനെയും, എഫ്.സി കുവൈസ, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സിയെയും നേരിടും. ക്വാർട്ടർ പ്രവേശന സാധ്യത നിലനിർത്തേണ്ട എല്ലാ ടീമുകളും ജിദ്ദ, ദമ്മാം, റിയാദ്, തബൂക്ക് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും നാട്ടിൽ നിന്നും എത്തിച്ച മികച്ച പ്രൊഫഷനൽ കളിക്കാരെ ഉൾപ്പെടുത്തി ശക്തമായ ടീമുമായാണ് പോരാട്ടത്തിനെത്തുന്നത്. അതിനാൽ, പ്രവചനാതീതമായ വാശിയേറിയ മത്സരങ്ങൾക്ക് ഈ ആഴ്ചയും കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷിയാകുമെന്നത് ഉറപ്പാണ്.
മലപ്പുറം എഫ്.സി താരം റിസ്‌വാൻ അലി
രാത്രി ഒമ്പതിന് നടക്കുന്ന എ ഡിവിഷനിലെ പ്രസ്റ്റീജിയസ് പോരാട്ടമാണ് നാളത്തെ പ്രധാന ആകർഷണം. നിലവിലെ എ ഡിവിഷൻ ചാമ്പ്യന്മാരായ ബാൻ ബേക്കറി മഹ്ജർ എഫ്.സി, സിഫ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായ പാരമ്പര്യ ശക്തികളായ എൻകംഫർട് എ.സി.സി എ ടീമിനെയാണ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ സിഫ് എ ഡിവിഷനിലെ അരങ്ങേറ്റത്തിൽ തന്നെ കിരീടം നേടി ആരാധകരുടെ ഇഷ്ട ടീമായി മാറിയ മഹ്ജർ എഫ്.സി കിരീടം നിലനിർത്താൻ ഉറച്ചു തന്നെയാണ് ഇത്തവണയും എത്തുന്നത്.
മുൻ ഐ.എസ്.എൽ ഇന്ത്യൻ താരം സക്കീർ മാനുപ്പയുടെ ശിക്ഷണത്തിൽ ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, മലപ്പുറം എഫ്.സി താരങ്ങളായ റിസ്‌വാൻ അലി, ഫസ്‌ലുറഹ്‌മാൻ, ഐ ലീഗ് താരം ഇസ്മായിൽ റഹ്‌മാൻ, അർഷൽ തുടങ്ങി പ്രഗല്ഭ താരങ്ങളെ അണിനിരത്തി ശക്തമായ ടീമുമായി കിരീടം നിലനിർത്താൻ ഉറച്ചുതന്നെയാണ് ഇത്തവണയും പോരാട്ടത്തിനെത്തുന്നത്. മറുവശത്ത്, സിഫ് ഫുട്ബോളിലെ സ്ഥിര സാന്നിദ്ധ്യമായ എ സി സി, സ്ഥിരമായ പരിശീലനത്തിലൂടെ നേടിയെടുത്ത പരിചയസമ്പത്തും ടീമിൻ്റെ ഒത്തൊരുമയും കൈമുതലാക്കുന്നു. ഗോകുലം എഫ്.സി, കൽക്കട്ട മുഹമ്മദൻസ് താരങ്ങളായ ഇമ്രാൻ, അബ്ദുൽ സാദിഖ്, അബ്ദുൽ ഹന്നാൻ, ആസിഫ് ചെറുകുന്നൻ, റിഫ്ഹാത് റഹ്‌മാൻ തുടങ്ങിയവർ കൂടി അണിനിരക്കുന്നതോടെ എ.സി.സി എഫ്.സി ടീമും ശക്തരാണ്. സിഫ് ചാമ്പ്യൻസ് ലീഗിന് തൊട്ടുമുമ്പ് നടന്ന അബീർ ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിലെ സൂപ്പർ ലീഗ് കിരീടം നേടിയത് എ.സി.സി ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

