മസ്ജിദുന്നബവിയിൽ തീർഥാടകർക്ക് ക്ലൗഡ് ടെലിഫോണി സംവിധാനം ആരംഭിച്ചു
text_fieldsമദീന: മസ്ജിദുന്നബവി സന്ദർശിക്കുന്ന തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾക്കായി ക്ലൗഡ് ടെലിഫോണി സംവിധാനം ആരംഭിച്ചു. ഇരു ഹറം കാര്യാലയ പ്രസിഡൻസി ഓഫ് റിലീജിയസ് അഫയേഴ്സ് ആണ് 8001111935 എന്ന പുതിയ ടോൾ ഫ്രീ ക്ലൗഡ് കോൾ സേവനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മസ്ജിദുന്നബവിയിലെത്തുന്ന ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കും അവരുടെ തീർഥാടന അനുഭവം മെച്ചപ്പെടുത്താനും സുഗമമായി ആരാധന കർമങ്ങൾ പൂർത്തിയാക്കാനും ലക്ഷ്യം വെച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.
ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ക്ലൗഡ് ടെലിഫോണി അഥവ ക്ലൗഡ് കോളിങ്. പരമ്പരാഗത ക്ലൗഡ് ടെക്നോളജിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നാണിത്. പരമ്പരാഗത ലാൻഡ് ഫോണുകൾക്ക് പകരം ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ സംവിധാനമാണ് ക്ലൗഡ് ടെലിഫോണി. 'സയന്റിഫിക് ആൻഡ് ഗൈഡൻസ് അഫയേഴ്സ് ഏജൻസി' യുടെ കീഴിൽ പ്രവാചക പള്ളിയിലുടനീളം 30 നേരിട്ടുള്ള ഫോൺ മാർഗനിർദേശ പോയന്റുകൾ വിന്യസിച്ചിട്ടുണ്ട്. പ്രസിഡൻസിയുടെ സമ്പുഷ്ടീകരണ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
ഉംറയുടെ അനുഷ്ടാനങ്ങളെക്കുറിച്ചും പ്രവാചക പള്ളി സന്ദർശന വേളയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചും സന്ദർശകർക്കും ഉംറ തീർഥാടകർക്കും അവബോധം നൽകാനും ഈ സംവിധാനം വഴി സാധിക്കും. സന്ദർശകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ശരിയായ ഇസ്ലാമിക തത്ത്വങ്ങൾക്കനുസൃതമായി ആരാധന നിർവഹിക്കാൻ അവരെ സഹായിക്കുന്നതിനും മതപരമായ മാർഗനിർദേശം നൽകാനും കഴിയും. സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ബൗദ്ധിക സുരക്ഷ, ധാർമിക സമഗ്രത, ഇസ്ലാമിനെക്കുറിച്ചുള്ള യഥാർഥ ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതും പുതിയ സംവിധാനം വഴി അധികൃതർ ലക്ഷ്യം വെക്കുന്നു.
പ്രവാചകന്റെ പള്ളിയിലെ മിതത്വത്തിന്റെയും നാഗരിക മൂല്യങ്ങളുടെയും സന്ദേശത്തിന്റെ ആഗോള പ്രചാരണത്തിന് ഈ സേവനങ്ങൾ സംഭാവന നൽകുമെന്ന് വിലയിരുത്തുന്നു. സന്ദർശകരുടെ ബൗദ്ധികവും ആത്മീയവുമായ യാത്ര സന്തോഷപൂർവമാക്കാനും ഇരു ഹറം പള്ളികളുടെ ലക്ഷ്യങ്ങളെ പിന്തുണക്കാനും ലോകമെമ്പാടും അവയുടെ നല്ല സ്വാധീനം വർധിപ്പിക്കാനും ക്ലൗഡ് ടെലിഫോണി സംവിധാനം ഫലം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.