മരുഭൂമിയിൽ വസന്തം മായുംമുമ്പ് വർണവിസ്മയ കാഴ്ചകൾ
text_fieldsദമ്മാം: ശൈത്യകാലം വേനലിന് വഴിമാറാനൊരുങ്ങവേ സൗദിയിലെ മരുപ്രദേശങ്ങളിൽ അതിമനോഹര കാഴ്ചകൾ നിറയുകയാണ്. പ്രകൃതിയുടെ ചെപ്പിൽ ഒളിച്ചിരുന്ന വർണവിസ്മയ പൂക്കൾ മരുഭൂമിക്ക് അഴക് ചാർത്തുന്ന കാഴ്ചയാണെങ്ങും.
മരുഭൂമിക്ക് അഴകുചാർത്തുന്ന സപുഷ്പികൾ
ചെറുമൃഗങ്ങളും ജീവികളും ഉൾപ്പടെ മരുഭൂമികളിലും താഴ്വരകളിലും കാഴ്ചാവസന്തമാണ് തീർത്തിരിക്കുന്നത്. മഴയൊഴിഞ്ഞതോടെ മരുഭൂമിയിൽ പ്രധാനമായും വിരിഞ്ഞുനിൽക്കുന്നത് ബാസിയ എറിയോഫോറ, സെനെസിയോ ഗ്ലോക്കസ് (പ്രാദേശിക ഭാഷയിൽ സാംലൂക്ക്), ട്രിബുലസ് ഒമാനെൻസ് (സഹ്റ) എന്നീ വിഭാഗത്തിൽ പെട്ട പൂക്കളാണ്. മരൂഭൂമിയെ സൗന്ദര്യമണിയിക്കുന്നു എന്നതിനപ്പുറം പാരിസ്ഥിതിക, ചരിത്ര, സാംസ്കാരിക പ്രാധാന്യവും ഈ സസ്യങ്ങൾക്കുണ്ട്.
വടക്കൻ അതിർത്തി മേഖലയിൽ കാട്ടുപൂക്കളിൽ ഒന്നായ സാംലൂക്കിന്റെ വരവോടെ മരുഭൂമി ജീവനുള്ള കാൻവാസായി മാറിയിരിക്കുന്നു. ഒരിക്കൽ വംശനാശത്തിന്റെ വക്കിലെത്തിയ ഈ സസ്യം വീണ്ടും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. യെല്ലോ അറേബ്യൻ എന്നും അറിയപ്പെടുന്ന സാംലൂക്ക് മഴക്കുശേഷം വേഗത്തിൽ മുളക്കുകയും 20 സെൻറീമീറ്റർ വരെ വളരുകയും ചെയ്യും. നീളമേറിയതും സ്ട്രാപ്പ് പോലുള്ളതുമായ ഇലകളും തിളക്കമുള്ള മഞ്ഞ, ഡെയ്സി പോലുള്ള പൂക്കളും മരുഭൂമിയെ പീതാംബര ചേല ഉടുത്തതുപോലെ സുന്ദരിയാക്കുന്നു.
തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുന്ന ഈ പൂക്കൾ പരാഗണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്. പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പിന്തുണക്കുന്ന ഹൃദ്യമായ സുഗന്ധവും സാംലൂക്കിന് ഉണ്ട്. ശൈത്യകാലത്തിന്റെ അവസാനം മുതൽ വസന്തകാലം വരെ ഇത് പൂത്തുമലരും. മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുക, കന്നുകാലികൾക്കും വന്യജീവികൾക്കും വിലയേറിയ തീറ്റയാകുക, മണ്ണൊലിപ്പ് തടയുക തുടങ്ങിയ ദൗത്യങ്ങൾ ഏറെയുണ്ട് ഈ സസ്യങ്ങൾക്ക് നിർവഹിക്കാൻ. പൂവിടുമ്പോൾ അതിശയിപ്പിക്കുന്ന കാഴ്ച സമ്മാനിക്കുന്ന മറ്റൊരു തദ്ദേശീയ ഇനമാണ് റാംത് കുറ്റിച്ചെടി. പാരിസ്ഥിതികമായി ഏറെ പ്രധാന്യമുള്ള നിത്യഹരിത കുറ്റിച്ചെടിയാണ് റാംത്. സൗദിയുടെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ, ഒരിക്കൽ ക്ഷയിച്ചുകൊണ്ടിരുന്ന ഈ സസ്യവർഗത്തെ തിരിച്ചുകൊണ്ടുവരാനും പച്ചപ്പ് വികസിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, അമിതമായ മരുഭൂ കൈയ്യേറ്റം, നഗരവത്കരണം തുടങ്ങിയ പാരിസ്ഥിതിക സമ്മർദങ്ങൾ ഈ ചെടികളുടെ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിനും തദ്ദേശീയ സസ്യജാലങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.