അയ്യങ്കാളി സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അജയ്യമായ പാത വെട്ടിത്തെളിച്ച വിപ്ലവകാരി -പ്രവാസി വെൽഫെയർ അൽഖോബാർ
text_fieldsഅൽഖോബാർ: കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ അജയ്യമായ പാത സ്ഥാപിച്ച വിപ്ലവകാരിയായ അയ്യങ്കാളി മലയാളിയുടെ മനസ്സിൽ എന്നും പ്രതീക്ഷയും പോരാട്ടവീര്യവും നിറക്കുന്ന മഹാനാണെന്ന് പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി അനുസ്മരിച്ചു. 1863ൽ തിരുവിതാംകൂറിലെ വെങ്കൂരിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ തുടക്കം മുതൽതന്നെ അനീതിക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്കും ദലിതർക്കും വിദ്യാഭ്യാസവും സമാനാവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങൾ കേരളചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി മാറി.
1907ൽ സ്ഥാപിച്ച 'സാധുജന പരിപാലനസംഘം' മുഖേന സമൂഹത്തിന്റെ അവഗണിതർക്കായി വിദ്യാഭ്യാസവും സാമൂഹിക അവകാശങ്ങളും ഉറപ്പാക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകി.തിരുവിതാംകൂർ നടുങ്ങിപ്പോയ 1915ലെ കല്ലുമാല സമരം സ്ത്രീകളുടെ മാനവികാവകാശങ്ങൾ ഉറപ്പാക്കിക്കൊടുത്ത മഹത്തായ വിപ്ലവമായിരുന്നു. അയ്യങ്കാളിയുടെ നേത്യത്വത്തിൽ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം കേരളത്തിൽ അവരുടെ അവകാശങ്ങളുടെ വിത്തുകൾ വിതച്ച ആദ്യ സംഘമായിരുന്നു. സമൂഹത്തിന്റെ താഴെ നിലകൊണ്ടവരെ ഉയർത്തിക്കൊണ്ടുവരാൻ അവർക്കും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാൻ അദ്ദേഹം ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അവകാശസമത്വം ഉറപ്പാക്കിയാണ് അയ്യങ്കാളി ജീവിതത്തോട് വിടപറഞ്ഞത്. ഓൺലൈനായി നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് ഖലീലുറഹ്മാൻ അന്നടുക്ക അധ്യക്ഷതവഹിച്ചു.അഡ്വ. നവീൻ കുമാർ ബദിയട്ക്ക, അൻവർ സലീം, സാബു മേലതിൽ, പി.ടി അഷ്റഫ്, ആരിഫ ബക്കർ, റജ്നാ ഹൈദർ, താഹിറ സജീർ, മുഹമ്മദ് ഹാരിസ്, ഷനോജ്, നുഅമാൻ എന്നിവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഫൗസിയ അനീസ് സ്വാഗതവും ഹാരിസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.