സൗദിക്ക് എഫ് -35 ഫൈറ്റർ ജെറ്റ് നൽകാനുള്ള കരാർ പരിഗണിക്കുന്നതായി ട്രംപ്
text_fieldsജിദ്ദ: ലോകത്തെ പ്രമുഖ ആയുധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ച എഫ് -35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ സൗദി അറേബ്യക്ക് നൽകുന്നതിനുള്ള കരാറിനെക്കുറിച്ച് ആലോചിക്കുന്നതായി യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൗദിക്ക് ധാരാളം ജെറ്റുകൾ വാങ്ങാൻ ആഗ്രഹമുണ്ടെന്നും അക്കാര്യം എന്നോട് നോക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പക്ഷേ അവർക്ക് യഥാർഥത്തിൽ അതിനേക്കാൾ കൂടുതൽ വാങ്ങാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ വൈറ്റ് ഹൗസിൽ വരവേൽക്കാൻ ട്രംപ് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഫൈറ്റർ ജെറ്റ് കരാറിനെക്കുറിച്ചുള്ള ആലോചനയും ട്രംപ് സജീവമാക്കിയത്. അടുത്തുതന്നെ തയാറാക്കുന്ന സാമ്പത്തിക, പ്രതിരോധ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ കരാറുകൾ സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഞങ്ങൾ സൗദി അറേബ്യയെ ബഹുമാനിക്കുന്നുവെന്നും ഇസ്രായേലുമായുള്ള ബന്ധം സൗദി സാധാരണ നിലയിലാക്കുമെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമുണ്ടായ ശേഷം മാത്രമായിരിക്കും അതെന്ന് സൗദി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

