‘കോണ്ടിനം ’25’ നവമാധ്യമ കലാകാരന്മാർക്കായി ദിരിയ ആർട്ട് ഫ്യൂച്ചേഴ്സ് പ്രദർശനം റിയാദിൽ
text_fieldsറിയാദ്: നവമാധ്യമ കലാകാരന്മാർക്കായി ദിരിയ ആർട്ട് ഫ്യൂച്ചേഴ്സിന്റെ (ഡി.എ.എഫ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കോണ്ടിനം 25’ സെപ്റ്റംബർ 13 മുതൽ റിയാദിൽ നടക്കും. നവംബർ 15 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ സൗദി അറേബ്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും 11 പുതുപ്രതിഭകളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കും. ഡിജിറ്റൽ, ഇമ്മേഴ്സീവ്, എ.ഐ അധിഷ്ഠിത മീഡിയ കലാരൂപങ്ങളെ മുൻനിരയിൽ എത്തിക്കുന്ന വാർഷിക പരമ്പരയുടെ ആദ്യ പതിപ്പാണ് ‘കോണ്ടിനം ’25’ന്റെ ‘എമർജിങ് ന്യൂ മീഡിയ ആർട്ടിസ്റ്റ് പ്രോഗ്രാം’.
ഒരു വർഷത്തെ പദ്ധതിയുടെ സൃഷ്ടിപരമായ ഫലങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾക്കൊള്ളുന്നത്. പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരിൽ സൗദി അറേബ്യയിൽനിന്നുള്ള തുര്ക്കി അൽഖഹ്താനി, ഖാലിദ് മക്ഷൂഷ് എന്നിവരും കൂടാതെ സൽമ അലി (ഈജിപ്ത്), സാമിയ ഡ്ജായർ (അൽജീരിയ), ആയ അബു ഗസാല (ജോർഡൻ), ധിയ ധിബി (തുനീഷ്യ), വില്യം ബ്രൂക്സ് (വെയിൽസ്), ജൂൻസൂ കിം (കൊറിയ), യൂസുഫ് അൽ ഇദ്രിസി (മൊറോക്കോ), കൈൽ ഡൊണാൾഡ് മറൈസ് (ദക്ഷിണാഫ്രിക്ക), മുഹമ്മദ് അൽ മുബാറക് (ബഹ്റൈൻ) എന്നിവരും ഉൾപ്പെടുന്നു.അന്താരാഷ്ട്ര മെന്റർമാരായ അന്ന റിഡ്ലർ, കരൺ പാൽമർ എന്നിവരുടെ മാർഗനിർദേശത്തിൽ, കലാകാരന്മാർ ഐഡന്റിറ്റി, ഓർമ്മ, കാലാവസ്ഥ, സാങ്കേതിക വിദ്യ, അഭയം നഷ്ടപ്പെടൽ തുടങ്ങിയ പ്രമേയങ്ങളിൽ അധിഷ്ഠിതമായ കൃതികൾ സൃഷ്ടിച്ചു. വെർച്ച്വൽ റിയാലിറ്റി, എ.ഐ ആർട്ട്, ഇമ്മേഴ്സീവ് ഇൻസ്റ്റലേഷൻ, സൗണ്ട് ഡിസൈൻ, സ്ക്രീൻ അടിസ്ഥാനത്തിലുള്ള കഥപറച്ചിൽ തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടും. ‘കോണ്ടിനം 25’ എന്ന തലക്കെട്ട് മനുഷ്യനും യന്ത്രവും, പ്രകൃതിയും കൃത്രിമവും, യാഥാർഥ്യവും സിംമുലേഷൻ സംവിധാനങ്ങളും തമ്മിലുള്ള നിരന്തരം പരിണമിക്കുന്ന ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.
കാലാവസ്ഥാ പരിസ്ഥിതികൾ, ആൽഗോരിതം സിസ്റ്റങ്ങളിലെ നൈതികത, ഓർമ്മയും സ്ഥലവും ചിതറിക്കിടക്കുന്ന അവസ്ഥകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിമർശനാത്മക ചിന്തകൾക്കും കലാസൃഷ്ടികൾ വേദിയൊരുക്കും. സാങ്കേതിക വിദ്യ ഭാവിയെ എങ്ങനെ നിർണ്ണയിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പ്രതിഫലനം സന്ദർശകർക്ക് നൽകുകയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. ഡിരിയ്യ ബിനാലെ ഫൗണ്ടേഷന്റെ കീഴിൽ ആരംഭിച്ച ഡി.എ.എഫ് യുവ പ്രതിഭകളെ വളർത്താനും ആഗോള സഹകരണങ്ങൾക്ക് വേദിയൊരുക്കാനും, പുതിയ മീഡിയ കലകൾക്ക് മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകാനും സഹായിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.