കോവിഡ്: ആളുകളുടെ ഒത്തുചേരൽ നിരോധിച്ചു
text_fieldsജിദ്ദ: കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ ഒഴിവാക്കാൻ കർശനമായ ചട്ടങ്ങൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷാനടപടികൾ ചൊവ്വാഴ്ച മന്ത്രാലയം പുറത്തുവിട്ടിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോൾ പുറത്തുവിട്ട ചട്ടങ്ങളെന്നും ആഭ്യന്തര മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി.
കുറ്റങ്ങൾ:
1. സാമൂഹിക ഒത്തുചേരൽ പാടില്ല. സമൂഹ അകലപാലനം നിർബന്ധം. ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഏതെങ്കിലും വിധേന ഒത്തുചേരാനൊ ഒരു ബന്ധവുമില്ലാത്തവരായ അഞ്ചോ അതിലധികമോ ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാനോ പാടില്ല. ഏത് രൂപത്തിലും സ്വഭാവത്തിലുമുള്ള ഒത്തുചേരലുകൾ തടയപ്പെടും. താഴെ വിവരിക്കുന്ന എല്ലാ ഒത്തുചേരലുകളും നിയമിവിരുദ്ധമാണ്:
a. കുടുംബ സംഗമങ്ങൾ (വീടകം, റസ്റ്റ് ഹൗസ്, ഫാമുകൾ, തമ്പുകൾ, ഉല്ലാസ കേന്ദ്രങ്ങൾ, തുറന്ന മൈതാനികൾ എന്നിവിടങ്ങളിൽ നടക്കുന്നവ).
b. മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന കുടുംബേതര ഒത്തുചേരലുകൾ.
c. സാമൂഹിക പരിപാടികളുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ (വിവാഹ പാർട്ടികൾ, അനുശോചനം, പാർട്ടികൾ, സെമിനാർ തുടങ്ങിയവ).
d. തൊഴിലാളികളുടെ ഒത്തുചേരലുകൾ (നിർമാണത്തിലിരിക്കുന്ന വീടുകളിലോ കെട്ടിടങ്ങളിലോ റസ്റ്റ് ഹൗസുകൾ, ഫാമുകൾ എന്നിവയിലോ ഒത്തുകൂടൽ).
e. കടകളിലെ ഒത്തുചേരൽ (ആരോഗ്യസുരക്ഷ മുൻകരുതലിന് നിശ്ചയിച്ച ജീവനക്കാരേക്കാളും ഷോപ്പിങ്ങിന് എത്തുന്നവരേക്കാളും കൂടുതൽ ആളുകൾ കച്ചവട കേന്ദ്രങ്ങൾക്കുള്ളിൽ ഉണ്ടാകുന്നത് നിയമവിരുദ്ധമായ ഒത്തുചേരലായി കണക്കാക്കും).
f. ഡിസ്ട്രിക്റ്റുകൾ, പട്ടണങ്ങൾ, അവയ്ക്ക് പുറത്തുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഏതുതരം ഒത്തുചേരലുകളും നിയമവിരുദ്ധമാണ്. അത് നിയന്ത്രിക്കുന്നതും പിടികൂടുന്നതും അതിനായി നിയോഗിച്ച സുരക്ഷ യൂനിറ്റുകളാണ് ചെയ്യേണ്ടത്. സ്വകാര്യസ്ഥാപനങ്ങളുടേത് അവ നിരീക്ഷിക്കുന്ന അധികാരികൾക്കായിരിക്കും നടപടി സ്വീകരിക്കാനുള്ള അധികാരം.
g. ഒത്തുചേരലിലുള്ളവർ, അതിനുവേണ്ടി വിളിച്ചവർ, കാരണക്കാരായവർ എല്ലാവരും ചട്ടങ്ങൾ ലംഘിച്ചവരിലുൾപ്പെടും.
h. ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ, നിയമലംഘനങ്ങൾ, പുറപ്പെടുവിച്ച ശിക്ഷാവിധികൾ എന്നിവ ഒൗദ്യോഗിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.
i. പൊതു സ്വകാര്യ മേഖലയിലുള്ള എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷയ്ക്കും സമൂഹ അകലം പാലിക്കുന്നതിനും ഒത്തുചേരലിനും നിശ്ചയിച്ച നിബന്ധനകളും നിർദേശങ്ങളും പൂർണമായും പാലിക്കണം.
j. ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഒത്തുചേരൽ കണ്ടാൽ മക്ക ഒഴികെയുള്ള മേഖലകളിൽ 999 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണം. മക്കയിലുള്ളവർ 911 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
ശിക്ഷകൾ:
1. ഒന്നിൽ കൂടുതൽ കുടുംബങ്ങൾ ഒത്തുചേർന്ന് കുടുംബ സംഗമം നടത്തിയാൽ പിഴ 10,000 റിയാൽ.
2. അയൽവാസിയുടെയോ മറ്റുള്ളവരുടെയോ വീടുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ, ക്യാമ്പുകൾ, വിനോദ കളിസ്ഥലങ്ങൾ, തുറന്ന മൈതാനങ്ങൾ എന്നിവിടങ്ങളിൽ ബാച്ചിലറന്മാർ ഒത്തുചേർന്നാൽ ശിക്ഷ 15,000 റിയാൽ.
3. വിവാഹം, അനുശോചനം, പാർട്ടികൾ, സെമിനാറുകൾ എന്നിവയ്ക്ക് വേണ്ടി സംഗമിച്ചാൽ ശിക്ഷ 30,000 റിയാൽ.
4. നിർമാണത്തിലിരിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവയ്ക്കുള്ളിൽ തൊഴിലാളികൾ ഒത്തുചേർന്നാൽ (സ്വന്തം വീടുകളിലൊഴികെ) പിഴ 50,000 റിയാൽ.
5. ആരോഗ്യ മുൻകരുതൽ പ്രതിരോധ നടപടികളുടെ ഭാഗമായി നിശ്ചിത ആളുകളെക്കാൾ കൂടുതൽ പേർ വാണിജ്യ സ്ഥാപനത്തിനുള്ളിലുണ്ടായാൽ ഒരോ വ്യക്തിക്കും 5,000 റിയാലാണ് പിഴ. ആളുകളുടെ എണ്ണമനുസരിച്ച് തുക കൂടും. എന്നാൽ ശിക്ഷ ഒരു ലക്ഷം റിയാലിൽ കവിയില്ല.
6. ഇൗ നിയമലംഘനങ്ങൾ ആദ്യമായി ആവർത്തിക്കുകയാണെങ്കിൽ ഇരട്ടി ശിക്ഷയോടൊപ്പം സ്ഥാപനമാണെങ്കിൽ മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടും
7. നിയമലംഘനങ്ങൾ രണ്ടാം തവണ ആവർത്തിച്ചാൽ ഇരട്ടി ശിക്ഷയോടൊപ്പം സ്ഥാപനം ആറ് മാസത്തേക്ക് അടച്ചുപൂട്ടും. ഇതോടൊപ്പം ഉത്തരവാദപ്പെട്ട ആളെ പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കും.
ഒത്തുച്ചേരൽ നിരോധിച്ച സ്ഥലത്ത് പ്രവേശിക്കുക, അവിടേക്ക് മറ്റുള്ളവരെ ക്ഷണിക്കുക, ആളുകൾ കൂടാൻ കാരണക്കാരാകുക എന്നീ കുറ്റങ്ങൾക്ക് 5,000 റിയാൽ പിഴയുണ്ടാകും. നിയമലംഘനം ആവർത്തിച്ചാൽ ആദ്യതവണ 10,000 റിയാൽ വരെ ശിക്ഷ ഇരട്ടിയാകും. രണ്ടാംതവണ നിയമം ലംഘിച്ചാൽ പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.