കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും ചർച്ച നടത്തി
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും (ഫയൽ ചിത്രം)
റിയാദ്: ഗസ്സയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും മധ്യപൗരസ്ത്യ മേഖലയിൽ നീതിയുക്തവും സുരക്ഷിതവും സമഗ്രവുമായ സമാധാനം കൈവരിക്കേണ്ടതുണ്ടെന്നുമുള്ള സൗദിയുടെ നിലപാട് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു നടപടികളെയും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ നിന്ന് ലഭിച്ച ഫോൺ കോളിനിടെയാണ് ഇക്കാര്യം പറഞ്ഞത്. സൗദിയും ഫ്രാൻസും തമ്മിൽ നിരവധി മേഖലകളിൽ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ വികസനങ്ങൾ ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങളും ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും അവർ അവലോകനം ചെയ്തു. അതേസമയം, പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും നീതിയുക്തമായ സമാധാനം കൈവരിക്കുന്നതിനുമായി ഈ സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളോടൊപ്പം സൗദിക്കൊപ്പം തന്റെ രാജ്യവും ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന് നേതൃത്വം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കാനുള്ള വാഷിങ്ടണിന്റെ നീക്കത്തെ മാക്രോൺ വിമർശിച്ചു.
അതിനെ ‘അസ്വീകാര്യം’ എന്ന് വിശേഷിപ്പിക്കുകയും ഫലസ്തീൻ പങ്കാളിത്തം ഉറപ്പാക്കുന്നതിന് യു.എൻ ആതിഥേയ രാജ്യ കരാറിന് അനുസൃതമായി തീരുമാനം പിൻവലിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തിനായി സാധ്യമായ ഏറ്റവും വിശാലമായ അന്താരാഷ്ട്ര പിന്തുണ സമാഹരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് ഇസ്രായേലികളുടെയും ഫലസ്തീനികളുടെയും ന്യായമായ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ഏക മാർഗമെന്ന് മാക്രോൺ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.