ടൈപ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് കിരീടാവകാശിയുടെ പത്നിയുടെ ധനസഹായം
text_fieldsറിയാദ്: പ്രമേഹ രോഗബാധിതരായ കുട്ടികളെ സഹായിക്കാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഭാര്യ അമീറ സാറ ബിൻത് മശ്ഹൂർ ബിൻ അബ്ദുൽ അസീസ് ഒരു കോടി റിയാൽ സംഭാവന നൽകി. ടൈപ് വൺ പ്രമേഹമുള്ള കുട്ടികൾക്ക് ഏറ്റവും പുതിയ പരിചരണവും ചികിത്സയും ലഭ്യമാക്കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ട് ഹെൽത്ത് എൻഡോവ്മെൻറ് ഫണ്ട് നടപ്പാക്കുന്ന ടൈപ് വൺ പ്രമേഹ ബാധിതരായ കുട്ടികളെ പിന്തുണക്കാനുള്ള ഫണ്ടിലേക്കാണ് ഇത്രയും വലിയ തുക സംഭാവന നൽകിയത്.
അമീറ സാറ ബിൻത് മശ്ഹൂറിെൻറ ഉദാരതയെയും മാനുഷിക സംരംഭങ്ങളെയും സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ പ്രശംസിച്ചു. സൗദി സമൂഹത്തിെൻറ ആധികാരിക മൂല്യങ്ങളെയും ഭരണകൂടത്തിെൻറ പിന്തുണയും പരിചരണവും ആസ്വദിക്കുന്ന ഐക്യദാർഢ്യത്തിെൻറയും ദാനധർമത്തിെൻറയും മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണിത്. അമീറ സാറ ബിൻത് മശ്ഹൂറിന് സ്വന്തം പേരിലും ഫണ്ടിെൻറ എല്ലാ ജീവനക്കാരുടെയും പേരിലും ആത്മാർഥമായ നന്ദിയും കടപ്പാടും മന്ത്രി അറിയിച്ചു.
പ്രമേഹമുള്ള കുട്ടികൾക്കുള്ള ആരോഗ്യ സേവനങ്ങളുടെ വികസനത്തിൽ ഈ ഉദാരമായ പിന്തുണ പ്രകടമായ സ്വാധീനം ചെലുത്തും. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആരോഗ്യ മേഖലയിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിലും ഹെൽത്ത് എൻഡോവ്മെൻറ് ഫണ്ടിെൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജീവകാരുണ്യ ആരോഗ്യ പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിനുമുള്ള ഒരു പ്രോത്സാഹനത്തെ ഇത് പ്രതിനിധീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിവിധ പരിപാടികളിലൂടെ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികളെ പിന്തുണക്കുന്നതിനുള്ള ഫണ്ട്. 26 അസോസിയേഷനുകളിലൂടെയും 26 ഫലപ്രദമായ പദ്ധതികളിലൂടെയും രാജ്യത്തുടനീളമുള്ള 3000 ഗുണഭോക്താക്കൾക്ക് ആരോഗ്യസേവനങ്ങൾ നൽകുന്നതിന് ഫണ്ട് സംഭാവന നൽകിയിട്ടുണ്ട്. 2024ൽ ഫണ്ട് 7.2 കോടി റിയാൽ സംഭാവനകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

