കേരളത്തിൽനിന്ന് 40 ഭിന്നശേഷിക്കാർക്ക് ഉംറ നിർവഹിക്കാൻ അവസരമൊരുക്കി ദമ്മാം കെ.എം.സി.സി
text_fieldsദമ്മാം കെ.എം.സി.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ദമ്മാം: നിർധനരായ 40 ഭിന്നശേഷിക്കാർക്ക് മക്കയിലെത്തി ഉംറചെയ്യാനും മദീന സന്ദർശിക്കാനും ദമ്മാം കെ.എം.സി.സി അവസരമൊരുക്കുന്നു. ഈ മാസം 23ന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന സംഘം ഏഴ് ദിവസത്തോളം കർമങ്ങൾക്കും സന്ദർശനങ്ങൾക്കുമായി പുണ്യസ്ഥലങ്ങളിൽ ചെലവഴിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞതവണ പാർട്ടിപ്രവർത്തകരായ 100ലേറെ പേർക്കായിരുന്നു ഉംറചെയ്യാനുള്ള അവസരമൊരുക്കിയത്.
ഇത്തവണ ഭിന്നശേഷിക്കാർക്ക് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു. പരസഹായത്താൽ കഴിയേണ്ടി വരുന്നവരാണ് അധികവും സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അരക്ക് കീഴ്പോട്ട് തളർന്നുപോയ നാല് പേർക്ക് വിൽച്ചെയറിനോടൊപ്പം ഒരു സഹായി കൂടി ആവശ്യമാണ്. കണ്ണുകാണാത്തവർ. രണ്ട് കൈയ്യും നഷ്ടപ്പെട്ടവർ, കാൻസർ ബാധിച്ച് ഒരു കൈ മുറിച്ചുകളഞ്ഞ വിദ്യാർഥി എന്നിവരുൾപ്പടെ സംഘത്തിൽ അംഗങ്ങളാണ്.
ദമ്മാം കെ.എം.സി.സിയുടെ ആവശ്യപ്രകാരം മുസ്‍ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റികളാണ് ഉംറക്ക് അർഹരായവരെ തെരഞ്ഞെടുത്ത്. പൂർണമായും പരസഹായം വേണ്ടവർക്ക് സഹായികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിർധനരായ മറ്റൊരാൾക്ക് ഉംറ ചെയ്യാനുള്ള അവസരം നൽകുകകൂടിയാണ് ഇതിലുടെ ചെയ്തിട്ടുള്ളത്. ദമ്മാം കെ.എം.സി.സിയുടെ വളൻറിയർമാർ ഇവരെ സഹായിക്കാനായി ദമ്മാമിൽനിന്ന് മക്കയിലും മദീനയിലുമെത്തും.
ഒപ്പം മക്ക മദീന കെ.എം.സി.സി പ്രവർത്തകരും ഇവർക്ക് അതിഥ്യമരുളും. നേരിട്ട് മദീനയിൽ ഇറങ്ങി, അവിടെ പ്രവാചകെൻറ ഖബർ സന്ദർശനം ഉൾപ്പടെ പൂർത്തിയാക്കിയ ശേഷം മക്കയിൽ എത്തി ഉംറ നിർവഹിക്കും. പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കും. കോട്ടക്കൽ അൽ ഹിന്ദ് ട്രാവൽസ് ആണ് ഇവർക്ക് വേണ്ട യാത്രാസൗകര്യങ്ങൾ ഒരുക്കുന്നത്.
നവംബർ 30-ന് സംഘം നാട്ടിലേക്ക് മടങ്ങും. തീർഥാടകർക്കായി മടക്കയാത്രയിൽ സമ്മാനിക്കാനായി വിവിധ സാധനങ്ങൾ അടങ്ങിയ ബാഗും കെ.എം.സി.സി ഒരുക്കിയിട്ടുണ്ട്.
പ്രസിഡൻറ് സൈനു കുമളി, ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, പദ്ധതി ജനറൽ കൺവീനർ അസ്‌ലം കൊളക്കോടൻ, കോഓഡിനേറ്റർ മഹമൂദ് പൂക്കാട്, ഖാദർ അണങ്കൂർ, ഷിബിലി ആലിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

