മധുരാനുഭവം പകർന്ന് ദറഇയ്യ ഈത്തപ്പഴോത്സവം
text_fieldsറിയാദ്: മധുരം കിനിയുന്ന അറേബ്യൻ ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയുമായി ദറഇയ്യയിൽ ഈത്തപ്പഴമേള. ദറഇയ്യ എജുക്കേഷൻ സെന്‍ററിലാണ് മേള പുരോഗമിക്കുന്നത്.
വലിയ കൂടാരം കെട്ടി പ്രത്യേകം സജ്ജമാക്കി മേള നഗരിയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കർഷകരുമെത്തിയിട്ടുണ്ട്. ഈത്തപ്പഴ വിൽപന സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പവലിയനുകളുണ്ട്. മേളയിലെത്തുന്ന സന്ദർശകരെ അറബ് ആതിഥേയ ശൈലിയിൽ സ്വീകരിക്കാൻ എല്ലാ ദിവസവും സൗദി കലാകാരന്മാർ അവതരിപ്പിക്കുന്ന അർദ, ദഫ് ഉൾപ്പടെ വ്യത്യസ്ത കലാപ്രകടനങ്ങളും കവിയരങ്ങും വേദിയിലുണ്ട്.
മേളക്ക് വ്യാഴാഴ്ച രാത്രിയോടെ കൊടിയിറങ്ങും. രാജ്യത്തിന്‍റെ പൈതൃകം പറയുന്ന കലാകാരന്മാരും കാൻവാസിൽ രാജ്യത്തിന്‍റെ ചരിത്രം വരക്കുന്ന ലൈവ് ചിത്രരചനകളും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. അജ്‌വ, സുക്കരി, മബ്റൂം, സാരി, റബീഅ, അംബർ, മജ്‌ഹുൽ, സഫാവി, അൽഖലാസ് തുടങ്ങി പലയിനം ഈത്തപ്പഴങ്ങളുള്ള പ്രദർശന നഗരിയിൽ സന്ദർശകർക്ക് വാങ്ങുന്നതിനും ഈന്തപ്പന കാർഷിക രീതികൾ പഠിക്കുന്നതിനും അവസരമുണ്ട്.
ആകർഷകമായ അന്തരീക്ഷത്തിൽ ഒരുക്കിയ കൂടാരത്തിൽ ഈത്തപ്പഴങ്ങൾ മാത്രമല്ല അറേബ്യൻ ഗഹ്‌വ, ഈത്തപ്പഴം കൊണ്ട് നിർമിക്കുന്ന സിറപ്പുകൾ, ബേക്കറി ഉൽപന്നങ്ങൾ, ഖിൽജ ബിസ്കറ്റ്, വിവിധ തരം ഊദുകൾ തുടങ്ങി അറേബ്യൻ ഭക്ഷണ സംസ്കാരത്തിന്‍റെ പ്രദർശനം കൂടിയാണ് ദറഇയ്യ ഈത്തപ്പഴമേള. വൈകീട്ട് 4.30 മുതൽ രാത്രി 10.30 വരെയാണ് പവലിയനിലേക്ക് പ്രവേശനം.
പ്രവേശനം പൂർണമായും സൗജന്യമായ മേളയിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും സന്ദർശനാനുമതിയുണ്ട്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് സംഘടിപ്പിക്കുന്ന മേള പ്രാദേശികമായും ആഗോളമായും സൗദി ഈത്തപ്പഴത്തിെൻറ വിൽപന വർധിപ്പിക്കുന്നതിനും സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളിലൂടെ ദറഇയ്യയുടെ പൈതൃകത്തെ പരിചപ്പെടുത്തുകയുമാണ് ലക്ഷ്യം വെക്കുന്നത്.
രാജ്യത്തിെൻറ ഈന്തപ്പന, ഈത്തപ്പഴ മേഖല അതിവേഗം വളരുകയാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ കണക്കുകൾ പ്രകാരം 2024 ൽ ഉൽപ്പാദനം 19 ലക്ഷം ടൺ കവിഞ്ഞു. 133 രാജ്യങ്ങളിലേക്ക് 107 കോടി സൗദി റിയാൽ മൂല്യമുള്ള ഈന്തപ്പഴം കയറ്റുമതി ചെയ്തു.
മുൻ വർഷത്തേക്കാൾ ഗണ്യമായി വർധനവാണിത്. ഈ വളർച്ച രാജ്യത്തിെൻറ ശക്തമായ ഉൽപാദനശേഷിയെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള വ്യാപനം വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഫലമാണ്. രാജ്യത്തെ ഈത്തപ്പഴ ഉൽപാദന മേഖല വികസിപ്പിച്ചതിനും ദേശീയ ഉൽപ്പന്നമായി ഈത്തപ്പഴത്തിെൻറ ഗുണനിലവാരം ഉയർത്തിയതിനും പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തെ ഉദ്ഘാടന വേദിയിൽ ദറഇയ്യ ഗവർണർ അമീർ ഫഹദ് ബിൻ സാദ് ബിൻ അബ്ദുല്ല പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.