രാഗ-താള-ലയങ്ങൾ സമന്വയിപ്പിച്ച് ‘ധ്വനി തരംഗ്’
text_fieldsജുബൈൽ: ധ്വനി സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ധ്വനി തരംഗ്’ സംഗീത പരിപാടി ജുബൈലിലെ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ ഹൃദ്യമായ സംഗീതാനുഭവം ആസ്വദിക്കാനെത്തിയിരുന്നു.
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈൽ മലയാള വിഭാഗം അധ്യാപകൻ എൻ. സനിൽകുമാറും ബദ്ർ അൽ റാബി ഗ്രൂപ് കൺസൽട്ടൻറ് പീഡിയാട്രീഷൻ ഡോ. അജി വർഗീസും ചേർന്ന് ദീപം തെളിച്ച് സംഗീതമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ശിവാനി സുരേഷ്, ശിവാനി അനിൽ, ഹംദാൻ അബ്ദുൽസലാം, പർവാൻ ദിലീപ്, സിദ്ധാർഥ് അനിൽ, ഗൗരിനന്ദ, ലീബ സാറ ലിജാൻ, മേഘ സൂസൻ, സഞ്ജന പ്രമോദ്, നക്ഷത്ര ഷേണോയ് എന്നിവർ ആലപിച്ച ‘ശ്രീ വിഘ്നരാജം ഭജേ’ എന്ന കീർത്തനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരെ വരെ അണിനിരത്തി കിഴക്കൻ മേഖലയിലെ പ്രശസ്ത സംഗീത അധ്യാപിക ദിവ്യ നവീൻ ഒരുക്കിയ കർണാട്ടിക് കൊയർ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ഇതാദ്യമായാണ് സൗദിയിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കപ്പെടുന്നത് . 70-ഓളം പേർ പങ്കെടുത്ത ‘ധ്വനി ടീം’ കർണാട്ടിക് കൊയറിൽ വാതാപി ഗണപതിം, സ്വാഗതം കൃഷ്ണ, ഭാഗ്യദ ലക്ഷ്മി, വിഷമകാര കണ്ണൻ, രാരവേണു ഗോപാ എന്നീ പ്രശസ്ത കൃതികളുടെ കീർത്തനങ്ങൾ സംഗീതപ്രേമികളെ പുളകമണിയിച്ച് രാഗ മഴയായ് പെയ്തിറങ്ങി.
കുട്ടികളും മുതിർന്നവരുമായ കലാകാരന്മാർ പരിപാടിയിൽ ഗാനങ്ങൾ ആലപിച്ചു. ശാസ്ത്രീയ നൃത്തങ്ങളും, സമൂഹ ഗാനങ്ങളും, ഉപകരണ സംഗീതവും ഉൾപ്പെടുത്തിയിരുന്നു. ധ്വനി സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും നൂപുരധ്വനി ആർട്സ് അക്കാദമിയിൽ നിന്നുമായി ദിവ്യ നവീന്റെ ശിക്ഷണത്തിൽ നൂറോളം പ്രതിഭകൾ വിവിധ ഇനം നൃത്ത-നൃത്യ പരിപാടികൾ അവതരിപ്പിച്ചു.
ഗൾഫ് മാധ്യമം ദമ്മാം ബ്യൂറോ ചീഫും സാഹിത്യകാരനുമായ സാജിദ് ആറാട്ടുപുഴ, സോഫിയ ഷാജഹാൻ (സാഹിത്യകാരി), ബൈജു അഞ്ചൽ (ജുബൈൽ മലയാളി സമാജം), ജയൻ തച്ചമ്പാറ, സഫയർ മുഹമ്മദ് (ടോസ്റ്റ് മാസ്റ്റേഴ്സ്), ഗിരീഷ് കുമാർ (നൂപുരധ്വനി), ഉമേഷ് കളരിക്കൽ, ലക്ഷ്മണൻ, ഷാഹിദ ഷാനവാസ്, ഷാനവാസ്, ഉണ്ണിക്കൃഷ്ണൻ (നവോദയ), സർഫറാസ് (ട്വിൻ സ്റ്റാർ), ശ്രീലത നന്ദകുമാർ, നവീൻ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. നവ്യ വിനോദ്, ബെൻസൺ സി. സാമുവേൽ എന്നിവർ അവതാരകരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.