അറേബ്യൻ കലകളുടെ സ്പന്ദനവുമായി ‘ഇത്റ’യിൽ പെരുന്നാളാഘോഷം
text_fields‘ഇത്റ’യിൽ മുമ്പ് അരങ്ങേറിയ പെരുന്നാളാഘോഷം (ഫയൽ ഫോട്ടോ)
അൽ ഖോബാർ: അറബി കലകളുടെ നാടൻ സ്പന്ദനമൊരുക്കി കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) ഈദ് അൽ അദ്ഹ ആഘോഷിക്കുന്നു. ഈ മാസം ഏഴ് മുതൽ ഒമ്പത് വരെ ‘റിബൺസ് ഓഫ് ഗിവിങ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിപുലമായ ആഘോഷങ്ങൾ അരങ്ങേറുന്നത്.
ദാനം ചെയ്യുന്നതിലുള്ള ദൈവികതയും ബന്ധങ്ങളുടെ സ്നേഹത്തിന്റെ ആഴവും വിളിച്ചോതുന്ന തീമിൽ അരങ്ങേറുന്ന രാവുകൾ ആസ്വദിക്കാൻ സന്ദർശകർ ഒഴുകിയെത്തും.
ഈജിപ്ഷ്യൻ ഊദ് കലാകാരനും സംഗീതത്തിന്റെ അഴകിൽ ക്ലാസിക്കൽ അറബിയുടെ താളങ്ങളുമായി ആധുനികതയുടെ താളങ്ങൾ സംയോജിപ്പിക്കുന്ന ഇസ്ലാം അൽ ഖസബ്ജിയുടെ ലൈവ് മ്യൂസിക്കൽ കൺസർട്ടാണ് മുഖ്യ ആകർഷണം. ഹൃദയങ്ങളെ തൊട്ടുണർത്താൻ സംഗീതം ‘ഇത്റ’യിൽ രാമഴയായ് പെയ്തിറങ്ങും. പെൺകുട്ടികളുടെ ലോകത്തെ അതിശയിപ്പിക്കുന്ന ജാപ്പനീസ് മാംഗ കഥാപാത്രമായ ‘ചിബി മറുകോ-ചാൻ’ സിനിമയും ആകാശത്തിൽ പറക്കുന്ന സ്വപ്നങ്ങളുമായി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ‘കിക്കീസ് ഡെലിവറി സർവിസ്’ എന്ന ജാപ്പനീസ് ആനിമേറ്റഡ് ചിത്രവും അറബിക് സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കും.
വെള്ളപ്പൊക്കത്തെ നേരിടുന്ന ഒരു വയോധികയുടെ തീഷ്ണമായ ജീവിതാനുഭങ്ങൾ നിറഞ്ഞ ‘സലീഖ്’ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. തലമുറകളായി ഹൃദയത്തിൽ നിലനിൽക്കുന്ന ഹജ്ജ് പാതയിലൂടെയുള്ള 96 കിലോമീറ്റർ ദൈർഘ്യമുള്ള ചരിത്രയാത്ര സന്ദർശകർക്ക് അക്കാലത്തെ അതിജീവനവും ഭക്തിയും വിശ്വാസവും ആഴത്തിൽ തൊടുന്നൊരു യാത്രയാകും. ഈദ് ആഘോഷങ്ങൾ കാണാൻ വൈകീട്ട് നാലു മുതൽ രാത്രി 11 വരെ ‘ഇത്റ’ പൊതുജനങ്ങൾക്കായി തുറക്കും. പ്രവേശനം സൗജന്യമാണ്. എന്നാൽ ചില പരിപാടികൾക്ക് ടിക്കറ്റ് ആവശ്യമായിരിക്കും.
എല്ലാ പ്രായത്തിലുമുള്ള ആസ്വാദകർക്ക് അനുഭവിക്കാൻ കഴിയുന്ന സംഗീതം, കഥപറച്ചിലുകൾ, ഗെയിമുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി 31-ലധികം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നും മറ്റൊന്നിനേക്കാൾ വിഭിന്നമായ, അതിശയിപ്പിക്കുന്ന കലാനുഭവം അനുവാചകർക്ക് പകർന്നു നൽകും.
കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഒരായിരം അനുഭവങ്ങൾ തേടുന്നവർക്കായി അൽ ഖോബാറിലെ ഇത്റ ഈദ് രാവുകളിൽ മിന്നിത്തിളങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.