സൗജന്യ സിം കാർഡിന്റെ മറവിൽ തട്ടിപ്പ്; അഴിയാക്കുരുക്കിലകപ്പെട്ട് എട്ട് ഇന്ത്യൻ തൊഴിലാളികൾ
text_fieldsയാംബു: സിം കാർഡ് എടുക്കാൻ നൽകുന്ന ഒദ്യോഗിക രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകം. ഇത്തരത്തിൽ എട്ട് ഇന്ത്യൻ തൊഴിലാളികൾ യാംബുവിൽ ചതിയിൽപ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മൊബൈൽ കമ്പനികളുടെ തിരിച്ചറിയൽ കാർഡും വിരലടയാള റീഡിങ് മെഷീനുകളും ലാപ്ടോപുകളും മൊബൈൽ ഫോണുകളും ഒക്കെയായി എത്തുന്ന സംഘത്തിന്റെ തട്ടിപ്പിലാണ് ഇവർ കുടുങ്ങിയത്.
യാംബുവിലെ പ്രമുഖ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളാണ് സിം കാർഡ് എടുക്കാൻ നൽകിയ ഇഖാമയുടെ പകർപ്പുപയോഗിച്ചുള്ള തട്ടിപ്പിൽ കുടുങ്ങി കേസിൽപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ റമദാന് തൊട്ടുമുമ്പാണ് പ്രമുഖ ടെലിഫോൺ കമ്പനിയുടെ സിം വിൽപനക്കായി ഒരു സംഘം തൊഴിലാളികളുടെ കാമ്പിലെത്തിയത്. സിം കമ്പനിയുടെ പേരിലുള്ള ഐ.ഡിയും മറ്റു സംവിധാനങ്ങളും കണ്ടപ്പോൾ സംശയം തോന്നാതെയാണ് തൊഴിലാളികൾ സിം എടുത്തത്.
റമദാൻ ഓഫറായി സിം സൗജന്യമായി നൽകുകയാണെന്നും റമദാൻ ദിനങ്ങളിൽ സിം ‘ആക്റ്റിവേഷൻ’ ആകുമെന്നും തെറ്റിന്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. റമദാൻ കഴിഞ്ഞും സിം ആക്റ്റിവേഷൻ ആയില്ല. സൗജന്യമായി കിട്ടിയതാണല്ലോ എന്ന് കരുതി തൊഴിലാളികൾ അതുമറക്കുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞപ്പോൾ മറ്റൊരു പ്രമുഖ ടെലിഫോൺ കമ്പനിയിൽനിന്ന് 92 റിയാൽ അടക്കണമെന്ന സന്ദേശം ലഭിച്ചു. കാര്യം അന്വേഷിക്കാൻ ആ കമ്പനിയുടെ ഓഫിസിൽ പോയപ്പോഴാണ് തങ്ങളുടെ ഇഖാമ ഉൾപ്പടെയുള്ള രേഖകൾ ഉപയോഗിച്ച് ആ കമ്പനിയുടെ ഇന്റർനെറ്റ് മോഡം ആരോ എടുത്തതായി അറിയാൻ കഴിഞ്ഞത്. അത് രണ്ടു വർഷത്തേക്കുള്ളതാണത്രെ. തങ്ങൾ അറിഞ്ഞില്ലെന്ന് തൊഴിലാളികൾ ബോധിപ്പിക്കുകയും കണക്ഷൻ ബ്ലോക്ക് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ പറയുകയും ചെയ്തു. തൊഴിലാളികൾ മടങ്ങി.
എന്നാൽ എല്ലാ മാസവും പണമടക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. ഒടുവിൽ 1,224 റിയാൽ കുടിശികയായെന്നും അതുടൻ തീർക്കണമെന്നും ഇല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞുള്ള സന്ദേശമാണ് എത്തിയതെന്ന് തട്ടിപ്പിനിരയായ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുസ്തഫ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെയാണ് തങ്ങൾ ശരിക്കും കുടുങ്ങിയിരിക്കുകയാണെന്ന് മനസിലായത്. ആവശ്യപ്പെട്ട സമയം കഴിഞ്ഞപ്പോൾ രേഖകൾ നിയമവകുപ്പിന് കൈമാറിയതായി അറിയിച്ചുകൊണ്ടുള്ള സന്ദേശവും കൂടി ഇവർക്ക് കിട്ടി.
ഓരോരുത്തരുടെയും പേരിൽ ഇത്രയും വലിയ തുക കുടിശികയായി നിൽക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. വിഷയം തങ്ങളുടെ കമ്പനി മാനേജ്മെന്റിനെ തൊഴിലാളികൾ അറിയിച്ചു. കമ്പനി നിയോഗിച്ച സ്വദേശി പൗരനായ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട മൊബൈൽ കമ്പനി ഓഫീസിൽ പോയെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
സിം കാർഡ് വാങ്ങിയപ്പോൾ സംഘം രണ്ടു തവണ തങ്ങളുടെ വിരലടയാളം എടുത്തിരുന്നതായി തൊഴിലാളികൾ പറയുന്നു. ഇതും ഇഖാമയുടെ പകർപ്പടക്കമുള്ള രേഖകളുമാണ് തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നത്. സിം കാർഡുകൾ അതത് കമ്പനികളുടെ ഔദ്യോഗിക ഓഫീസുകളിൽനിന്ന് മാത്രമേ എടുക്കാവൂ എന്നും ഇല്ലെങ്കിൽ ഇതുപോലെയുള്ള ചതിക്കുഴികളിൽ പെടുമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടാനും അത്രയെളുപ്പമല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.