വംശനാശഭീഷണി നേരിട്ട വെള്ളമാൻ കാടുകളിലേക്ക്; കിങ് സൽമാൻ റോയൽ റിസർവിൽ വിസ്മയ നേട്ടം
text_fieldsവെള്ളമാൻ എന്നറിയപ്പെടുന്ന ‘അറേബ്യൻ ഓറിക്സ്’
അൽ ഖോബാർ: പതിറ്റാണ്ടുകളായി വനമേഖലയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരുന്ന, ‘വെള്ളമാൻ’ എന്നറിയപ്പെടുന്ന ‘അറേബ്യൻ ഓറിക്സ്’ വീണ്ടും പ്രകൃതിവാസത്തിലേക്ക് തിരിച്ചെത്തുന്നു. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സംരക്ഷണ-പ്രജനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവയെ വീണ്ടും കാടുകളിലേക്ക് തുറന്നുവിടുന്നത്. രാജ്യത്തിെൻറ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ ഈ പുനരധിവാസ പദ്ധതിയുടെ വിജയ സൂചനയായി റിസർവിൽ നിരവധി ഓറിക്സ് കുഞ്ഞുങ്ങൾ ഇതിനകം ജനിച്ചുകഴിഞ്ഞു.
അമിതമായ വേട്ടയാടൽ, സസ്യസമ്പത്തിെൻറ നാശം എന്നിവ കാരണം കടുത്ത വംശനാശ ഭീഷണി നേരിട്ടിരുന്ന ഈ സസ്യഭുക്കുകളെ സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
മനോഹരമായ വെള്ളനിറവും, നീളമുള്ള കൊമ്പുകളും, മുഖത്തെ കറുത്ത പാടുകളുമാണ് ഇവയുടെ സവിശേഷത. പ്രാദേശിക വന്യജീവി സമ്പത്തിനെ പുനഃസ്ഥാപിക്കാൻ 1990-ൽ തന്നെ സൗദി പ്രത്യേക പ്രജനന പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തായിഫിലെ പ്രിൻസ് സൗദ് അൽ ഫൈസൽ വന്യജീവി ഗവേഷണ കേന്ദ്രത്തിൽ വെറും 38 ഓറിക്സുകളെ ഉൾപ്പെടുത്തിയായിരുന്നു അന്ന് ഈ ദൗത്യം ആരംഭിച്ചത്. തുടർന്ന് നാഷണൽ സെൻറർ ഫോർ വൈൽഡ്ലൈഫിെൻറ ആഭിമുഖ്യത്തിൽ ഇവയെ വിവിധ സംരക്ഷിത വനമേഖലകളിൽ തുറന്നുവിടുകയും നിരീക്ഷിക്കുകയും ചെയ്തു വരുന്നു.
സൗദി അറേബ്യയുടെ വടക്കൻ-വടക്കുപടിഞ്ഞാറൻ മേഖലകളായ അൽ ജൗഫ്, തബൂക്ക്, ഹാഇൽ, വടക്കൻ അതിർത്തി മേഖല എന്നീ പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലാണ് നിലവിൽ ഇവ സുരക്ഷിതമായി വളരുന്നത്. ഏകദേശം 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ റിസർവ് മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ പ്രകൃതി സംരക്ഷിത പ്രദേശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

