വെസ്റ്റ് ബാങ്കിൽ പരമാധികാരം സ്ഥാപിക്കൽ: ഇസ്രായേൽ പാർലമെന്റ് തീരുമാനത്തിനെതിരെ സൗദിയുൾപ്പടെ 10 രാജ്യങ്ങൾ
text_fieldsറിയാദ്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ പാർലമെൻറായ ‘നെസെറ്റ്’ തീരുമാനത്തിനെതിരെ അറബ്, മുസ്ലിം രാജ്യങ്ങൾ. അധിനിഷ്ട വെസ്റ്റ് ബാങ്കിന്മേൽ ‘ഇസ്രായേൽ പരമാധികാരം’ അടിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂട പ്രഖ്യാപനത്തിന് നെസെറ്റ് അംഗീകാരം നൽകിയതിനെ ശക്തമായി അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, നൈജീരിയ, ഫലസ്തീൻ, ഖത്തർ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളും അറബ് ലീഗ്, ഒ.െഎ.സി എന്നീ അന്താരാഷ്ട്ര സംഘടനകളുമാണ് രംഗത്തുവന്നത്.
ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെയും പ്രമേയങ്ങളുടെയും നഗ്നവും അസ്വീകാര്യവുമായ ലംഘനമായി ഇൗ നടപടിയെ കണക്കാക്കുന്നുവെന്ന് അറബ് ലീഗും ഒ.െഎ.സിയും വ്യക്തമാക്കി. 1967 മുതൽ കൈവശപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടെ അധിനിവേശത്തെ നിയമവിധേയമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിന്മേൽ ഇസ്രായേലിന് പരമാധികാരമില്ലെന്ന് അറബ് ലീഗും ഒ.െഎ.സിയും ആവർത്തിച്ചു. ഇസ്രായേലിെൻറ ഏകപക്ഷീയമായ ഈ നീക്കത്തിന് നിയമപരമായ പ്രാബല്യമില്ലെന്നും അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തിെൻറ നിയമപരമായ പദവി മാറ്റാൻ കഴിയില്ലെന്നും അവർ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിെൻറ ഇത്തരം നടപടികൾ മേഖലയിലെ രൂക്ഷമാവുന്ന സംഘർഷങ്ങൾക്ക് ആക്കം കൂട്ടുകയേ ഉള്ളൂവെന്നും ഗസ്സ മുനമ്പിലെ ഇസ്രായേലിെൻറ ആക്രമണവും മാനുഷിക ദുരന്തവും ഈ സംഘർഷങ്ങളെ കൂടുതൽ വഷളാക്കുമെന്നും സൗദിയുൾപ്പടെയുള്ള രാജ്യങ്ങൾ ഏകസ്വരത്തിൽ ഊന്നിപ്പറഞ്ഞു.
ബലപ്രയോഗത്തിലൂടെ ഒരു വിധി നടപ്പാക്കുക, നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുക, ദ്വിരാഷ്ട്ര പരിഹാരത്തിെൻറ സാധ്യത ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധമായ ഇസ്രായേലി നയങ്ങൾ നിർത്തലാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും യു.എൻ സെക്യൂരിറ്റി കൗൺസിലും ബന്ധപ്പെട്ട എല്ലാ കക്ഷികളും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തോട് രാജ്യങ്ങഹ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിെൻറയും അടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള പ്രതിബദ്ധത രാജ്യങ്ങൾ ആവർത്തിച്ചു പ്രഖ്യാപിച്ചു. 1967 ജൂൺ നാലിന് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.