2030 ആകുമ്പോഴേക്കും സമുദ്ര സമ്പദ് വ്യവസ്ഥ 22 ബില്യൺ റിയാൽ കവിയുമെന്ന് കണക്കുകൂട്ടൽ
text_fieldsചെങ്കടലിൽ ഗവേഷണം നടത്തുന്ന കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റിയിലെ വിദഗ്ധർ
യാംബു :സൗദി അറേബ്യ രാജ്യത്തിന്റെ സമുദ്ര സമ്പദ് വ്യവസ്ഥയെയും ചെങ്കടൽ തീരങ്ങൾ വഴി ലക്ഷ്യം വെക്കുന്ന സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കുന്നു. 2030 ആകുമ്പോഴേക്കും 22 ബില്യൺ സൗദി റിയാൽ സംഭാവന ചെയ്യുകയും 1,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കടൽ പദ്ധതികളും കടൽ വിഭവങ്ങളുടെ സംരക്ഷണവും. ഈ മേഖലയിൽ രാജ്യം നേരിടുന്ന എല്ലാവിധ വെല്ലുവിളികളെയും അതിജയിക്കാനുള്ള തീവ്രശ്രമത്തിലൂടെയാണ് രാജ്യം ഇപ്പോൾ മുന്നോട്ടു പോകുന്നത്.
ഷിപ്പിങ്, അക്വാകൾചർ എന്നിവയിലൂടെ അവതരിപ്പിക്കപ്പെടുന്ന അധിനിവേശ സമുദ്രജീവികളുടെ ഭീഷണി ചെറുക്കാനും വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനായി പ്രതിവർഷം വൻ സാമ്പത്തിക ബാധ്യത വരുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സമുദ്ര മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി (കൗസ്റ്റ് ), നാഷനൽ സെന്റർ ഫോർ വൈൽഡ്ലൈഫ് (എൻ.സി.ഡബ്ള്യു ) എന്നിവയുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് പൂർത്തിയാക്കിവരുന്നത്. ചെങ്കടലിലെ വിവിധ ജീവിവർഗങ്ങളെ നിരീക്ഷിക്കുകയും അവയുടെ അപകടസാധ്യതകൾ വിശകലനം ചെയ്യുകയും രാജ്യത്തിന്റെ പാരിസ്ഥിതിക, സാമ്പത്തിക വിഭവങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് ഒരു വിജ്ഞാന ഡേറ്റാബേസ് നിർമ്മിക്കുകയും ചെയ്തു. എൻ.സി.ഡബ്ള്യു സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ സമുദ്ര മേഖലകളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാധാന്യം എടുത്തുകാട്ടി. തീരദേശ ടൂറിസം, അക്വാകൾചർ തുടങ്ങിയ വളരുന്ന മേഖലകൾക്ക് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കൗസ്റ്റുമായുള്ള ഗവേഷണ പങ്കാളിത്തം, പരിസ്ഥിതി വെല്ലുവിളികൾ മുൻകൂട്ടി അറിയുന്നതിനുള്ള ശാസ്ത്രീയ വിലയിരുത്തൽ ഉപകരണങ്ങൾ, അപകടസാധ്യത മോഡലുകൾ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ സമുദ്ര സമ്പദ് വ്യവസ്ഥ വികസിപ്പിക്കാൻ രാജ്യത്തെ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചെങ്കടലിലെയും അറേബ്യൻ ഗൾഫിലെയും തീരങ്ങളിലെ 34 സ്ഥലങ്ങളിൽ ഗവേഷകർ ഇതിനകം സംയുക്ത സഹകരണത്തോടെ സർവേകൾ നടത്തി, 10,000 ത്തിലധികം സമുദ്ര സാമ്പിളുകൾ ശേഖരിച്ചു. സൗദി ജലാശയങ്ങളിൽ ഇതിനകം തന്നെ നിലനിൽക്കുന്ന 70 ലധികം തദ്ദേശീയമല്ലാത്ത ജീവികൾ ഉൾപ്പെടെ ഏകദേശം 200 അധിനിവേശ സാധ്യതയുള്ള ജീവികളെ ഈ സർവേകൾ തിരിച്ചറിഞ്ഞു. സമുദ്ര ഗവേഷണങ്ങൾക്കായി നൂതന സാങ്കേതികവിദ്യകളിൽ വിദഗ്ധരായവർക്ക് പരിശീലനം നൽകി. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും നീല സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ പിന്തുണക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങൾക്കും ദേശീയ ഏജൻസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണ് അധികൃതർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.