റിയാദിൽ സാംസ്കാരിക വിനിമയത്തിന് വേദിയായി യൂറോപ്യൻ ചലച്ചിത്രോത്സവം
text_fieldsറിയാദ്: യൂറോപ്യൻ സിനിമകളുടെ വൈവിധ്യവും സാംസ്കാരിക പൈതൃകവും പരിചയപ്പെടുത്തുന്ന അഞ്ചാമത് യൂറോപ്യൻ ചലച്ചിത്രോത്സവത്തിന് സൗദി തലസ്ഥാനമായ റിയാദിൽ തുടക്കമായി. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകൾക്കൊപ്പം സൗദി സിനിമകൾക്കും പ്രാധാന്യം നൽകുന്ന മേള നവംബർ 11 വരെ തുടരും. റിയാദ് സെഞ്ച്വറി കോർണറിലെ വോക്സ് സിനിമാസിലാണ് പൊതുജനങ്ങൾക്കായുള്ള പ്രദർശനങ്ങൾ ഒരുക്കിയിരിക്കുന്നത്.
സൗദി ചലച്ചിത്ര മേഖലയുടെ അതിവേഗ വളർച്ചയെ യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്റ്റോഫ് ഫർനോഡ് പ്രശംസിച്ചു. ചലനാത്മകവും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സൗദിയുടെ സിനിമാ വ്യവസായം ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ സിനിമക്ക് ദീർഘമായ ചരിത്രവും മികച്ച സാങ്കേതിക വൈദഗ്ധ്യവുമുണ്ട്. ഈ അനുഭവസമ്പത്ത് സൗദി സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്ര പ്രദർശനങ്ങൾക്ക് പുറമെ സൗദി, യൂറോപ്യൻ സിനിമാ പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മാസ്റ്റർ ക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇരു മേഖലകളിലെയും പ്രതിനിധികൾക്ക് അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനും പുതിയ സഹകരണ സാധ്യതകൾ കണ്ടെത്താനും ഇതിലൂടെ അവസരമൊരുങ്ങും.
സൗദിയിലെ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘവും അംഗരാജ്യങ്ങളുടെ എംബസികളും സംയുക്തമായാണ് സൗദി ഫിലിം കമ്മീഷന്റെ പിന്തുണയോടെ മേള സംഘടിപ്പിക്കുന്നത്. യൂറോപ്പിലെ 16 രാജ്യങ്ങളിൽ നിന്നുള്ള 16 സിനിമകളാണ് ഇത്തവണ പ്രദർശനത്തിനുള്ളത്. ഇതിനകം മൂവായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഉദ്ഘാടനച്ചടങ്ങിന്റെ അവതാരകയും 'ലിന്ദ ആൻഡ് വിഷൻ 2030' പോഡ്കാസ്റ്റിന്റെ സ്ഥാപകയുമായ ലിന്ദ അൽഫൈസൽ പറഞ്ഞു.യൂറോപ്യൻ സിനിമകൾക്കൊപ്പം സൗദി സിനിമകൾക്കും മേളയിൽ ഇടം ലഭിക്കുന്നത് ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു.
2022 ജൂണിലാണ് സൗദിയിൽ ആദ്യമായി യൂറോപ്യൻ ചലച്ചിത്രോത്സവം അരങ്ങേറിയത്. ഫ്രഞ്ച് സംവിധായകൻ ഗ്രിഗറി മാഗ്നെയുടെ 'പെർഫ്യൂംസ്' എന്ന ചിത്രമുൾപ്പെടെ 13 യൂറോപ്യൻ സിനിമകളാണ് ആദ്യ പതിപ്പിൽ പ്രദർശിപ്പിച്ചത്. യൂറോപ്യൻ സിനിമകളെ സൗദി പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സൗദി ചലച്ചിത്ര മേഖലക്ക് രാജ്യാന്തര സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കുകയുമാണ് ഈ അഞ്ചാം പതിപ്പിന്റെയും ലക്ഷ്യം.

