സിനിമകൾ പാട്ടുണ്ടാക്കുന്ന ഫാക്ടറികളല്ല -ഷിബു ചക്രവർത്തി
text_fieldsദമ്മാം: സിനിമകൾ എന്നത് കേവലം പാട്ടുകൾ നിർമിക്കാനുള്ള ഫാക്ടറികളല്ലെന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. ദമ്മാമിൽ സൗദി മലയാളി സമാജം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഒരു പ്രത്യേക വികാരത്തെ അതീവ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സിനിമകളിൽ ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. മാതൃവാത്സല്യമോ, പ്രണയമോ, വിരഹമോ എന്തുമാകട്ടെ, ആ വികാരത്തെ ആഴത്തിൽ സംവേദനം ചെയ്യാൻ മുൻകാലങ്ങളിൽ പാട്ടുകൾ സഹായിച്ചിരുന്നു. ഇന്ത്യയിൽ സംഗീത നാടകങ്ങളുടെ ചുവടുപിടിച്ചാണ് സിനിമകൾ രൂപപ്പെട്ടത് എന്നതുകൊണ്ടാണ് ഇവിടെ ചിത്രങ്ങളിൽ പാട്ടുകൾ ഒരു പ്രധാന ഘടകമായത്.
യഥാർത്ഥത്തിൽ ജീവിതം പറയുന്ന സിനിമകൾക്ക് പാട്ടുകൾ ആവശ്യമില്ല. സിനിമയുടെ ശൈശവദിശയിലാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉപയോഗിച്ചിരുന്നതെന്ന് കാണാം. എന്നാൽ ഇന്ന്, പാട്ടുകളുടെ സഹായമില്ലാതെ തന്നെ ആ തീവ്രത പ്രേക്ഷകരിലെത്തിക്കാൻ തക്കവണ്ണം സിനിമയിലെ സാങ്കേതികവിദ്യ വികസിച്ചുകഴിഞ്ഞു. സിനിമ ഏറെ വളർന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. സിനിമയ്ക്ക് അന്യമായ പാട്ടുകൾ അതിൽ നിന്ന് അകന്നുപോയത് ഈ വളർച്ചയുടെ ഭാഗമായാണ്.
പഴയകാല ഗാനങ്ങൾക്ക് സിനിമയ്ക്ക് പുറത്തും സ്വതന്ത്രമായി നിലനിൽക്കാനുള്ള കരുത്തുണ്ടായിരുന്നു. ആദ്യവസാനം പരസ്പരബന്ധമുള്ള വരികളും ഈണവും ആ പാട്ടുകളുടെ സവിശേഷതയായിരുന്നു. എന്നാൽ ഇന്നത്തെ പാട്ടുകളെ പരസ്പരം ബന്ധിപ്പിക്കുന്നത് സംഗീതോപകരണങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് പുതിയ പാട്ടുകൾക്ക് ആസ്വാദകമനസ്സുകളിൽ ദീർഘകാലം നിലനിൽക്കാൻ കഴിയാതെ പോകുന്നത്.
റിയാലിറ്റി ഷോകളിൽ കുട്ടികൾ പോലും 80-കളിലെയും 90-കളിലെയും പാട്ടുകൾ പാടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രമുഖമായ മൂന്ന് ചാനലുകളുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം വ്യക്തമായ മറുപടി നൽകി. ഒരു റിയാലിറ്റി ഷോ ആസൂത്രണം ചെയ്യുമ്പോൾ അതിെൻറ പ്രേക്ഷകർ ആരാണെന്ന തിരിച്ചറിവിൽ നിന്നാണ് അതിലെ ഉള്ളടക്കം നിശ്ചയിക്കുന്നത്. മധ്യവയസ്കരാണ് ഇന്ന് ഇത്തരം പരിപാടികൾ ഏറ്റവും കൂടുതൽ കാണുന്നത് എന്ന് മനസിലാക്കി, അവരിൽ ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകളാണ് അണിയറപ്രവർത്തകർ തിരഞ്ഞെടുക്കുന്നത്.
മലയാളത്തിന് 300-ലധികം സുന്ദര ഗാനങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് ഷിബു ചക്രവർത്തി. കഥയ്ക്കും സന്ദർഭത്തിനും അനുയോജ്യമായാണ് താൻ എപ്പോഴും പാട്ടുകളെഴുതാറുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മുകുന്ദേട്ടാ സുമിത്രാ വിളിക്കുന്നു’ എന്ന ചിത്രത്തിലെ ‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്ന...’ എന്ന ഗഹനമായ വരികളെഴുതിയ തനിക്ക് തന്നെ, സാഹചര്യത്തിെൻറ ആവശ്യകതയനുസരിച്ച് ‘പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ...’ എന്ന പാട്ടും എഴുതേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഗാനരചന താൻ ആസ്വദിച്ചു ചെയ്ത ഒരു ജോലിയല്ലെന്നും, സിനിമയോടൊപ്പമുള്ള യാത്രയിൽ അതിെൻറ ഭാഗമായി മാറി എന്നുമാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് താൻ തന്നെ തിരക്കഥയെഴുതിയ ‘അഥർവ്വം’, ‘ചുരം’ എന്നീ സിനിമകളിൽ പാട്ടെഴുതാൻ മറ്റ് ഗാനരചയിതാക്കളെ ചുമതലപ്പെടുത്തിയത്.
സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ചാനൽ പ്രോഗ്രാം ഹെഡ് എന്ന നിലയിലുള്ള ജോലി. കൈരളി ടിവിയിലാണ് ആദ്യം എത്തിയത്. ആളുകൾ മറന്നുതുടങ്ങിയിരുന്ന കഥാപ്രസംഗത്തെ ഒരു റിയാലിറ്റി ഷോയിലൂടെ വീണ്ടും ജനകീയമാക്കാൻ അവിടെ സാധിച്ചു. മീഡിയ വൺ ചാനലിലെ ജനപ്രിയ പരിപാടികളായ ‘കുന്നത്തങ്ങാടി’, ‘ഖയാൽ’, ‘എം80 മൂസ’ തുടങ്ങിയവയുടെയെല്ലാം ആശയത്തിന് പിന്നിൽ ഷിബു ചക്രവർത്തിയായിരുന്നു.
ഇത് അദ്ദേഹത്തിെൻറ ആദ്യ സൗദി സന്ദർശനമാണ്. സൗദി അറേബ്യയെക്കുറിച്ച് നേരത്തെ കേട്ടറിഞ്ഞ സങ്കല്പങ്ങളെ തിരുത്തിയെഴുതുന്ന യാത്രയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തേക്കാൾ സജീവമായി ഗൾഫ് നാടുകളിൽ സാംസ്കാരിക പ്രവർത്തനങ്ങൾ നടക്കുന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും ഷിബു ചക്രവർത്തി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

