വടക്കൻ അതിർത്തി മേഖലയിൽ ‘ആദ്യ പാദ’ ചന്ദ്രൻ ദൃശ്യമായി; ജ്യോതിശാസ്ത്ര പ്രേമികൾക്ക് അപൂർവ നിമിഷം
text_fieldsഅറാർ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലെ ആകാശത്ത് പുതിയ ഹിജ്റ വർഷത്തിലെ മുഹറം മാസത്തിലെ ‘ഫസ്റ്റ് ക്വാർട്ടർ’ (ആദ്യ പാദം) ചന്ദ്രൻ ദൃശ്യമായി. സൂര്യാസ്തമയത്തിന് ശേഷം നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ കഴിഞ്ഞ ഈ അപൂർവ പ്രതിഭാസത്തിൽ, ചന്ദ്രൻ്റെ ഉപരിതലത്തിൻ്റെ പകുതിയോളം ഭാഗം പ്രകാശമാനമായിരുന്നു.
ജ്യോതിശാസ്ത്ര പ്രേമികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഏറെ ആവേശം പകരുന്നതായിരുന്നു ഈ കാഴ്ച. ചാന്ദ്രമാസത്തിൻ്റെ തുടക്കം മുതൽ ചന്ദ്രൻ ഭൂമിക്ക് ചുറ്റുമുള്ള അതിൻ്റെ ഭ്രമണപഥത്തിൻ്റെ നാലിലൊന്ന് ഭാഗം പിന്നിട്ടതിൻ്റെ അടയാളമാണിത്. സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ്റെ പ്രകാശമുള്ള ഈ പകുതി ഭാഗം പടിഞ്ഞാറ് ദിശയിലാണ് ദൃശ്യമായതെന്ന് അസ്ട്രോണമി ആൻഡ് സ്പേസ് ക്ലബ് അംഗം അദ്നാൻ ഖലീഫ വ്യക്തമാക്കി. ചന്ദ്രൻ്റെ വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഏറ്റവും എളുപ്പത്തിലും വ്യക്തതയോടും കൂടി കാണാൻ സാധിക്കുന്ന സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പിറവിക്കും പൂർണ്ണചന്ദ്രനും (പൗർണ്ണമി) ഇടയിലുള്ള കൃത്യമായ മധ്യഭാഗത്തെയാണ് ‘ഫസ്റ്റ് ക്വാർട്ടർ’ എന്ന് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രൻ്റെ പ്രതിമാസ ഘട്ടങ്ങളുടെ ചക്രത്തിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രകാശവും നിഴലും ഒത്തുചേരുന്ന ചന്ദ്രോപരിതലത്തിലെ അതിരുകൾ, അവിടുത്തെ ഭൂപ്രകൃതിയും ക്രേറ്ററുകൾ എന്ന് വിളിക്കുന്ന വലിയ കുഴികളും കൂടുതൽ വ്യക്തതയോടെ കാണിച്ചുതരുന്നു.
ജ്യോതിശാസ്ത്ര നിരീക്ഷണത്തിനും ഫോട്ടോഗ്രഫിക്കും ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കൻ അതിർത്തി മേഖലയിൽ നിലനിന്ന തെളിഞ്ഞ കാലാവസ്ഥ ഈ പ്രതിഭാസം കൂടുതൽ ഭംഗിയായി കാണാൻ ജനങ്ങളെ സഹായകരമായി. ഇതോടെ, മുഹറം മാസത്തിലെ ചന്ദ്രൻ്റെ ഈ ഘട്ടം ക്യാമറകളിൽ പകർത്തുന്നതിനും ആസ്വദിക്കുന്നതിനും ജ്യോതിശാസ്ത്ര പ്രേമികൾക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

