വിദേശ വിമാനക്കമ്പനിയായ വിസ്റ്റാജെറ്റിന് സൗദിയിൽ ആഭ്യന്തര സർവിസിന് അനുമതി
text_fieldsവിസ്റ്റാജെറ്റിന് ആഭ്യന്തര സർവിസിനുള്ള അനുമതി ലൈസൻസുമായി കമ്പനി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ
റിയാദ്: വിദേശ സ്വകാര്യ വിമാന കമ്പനിയായ വിസ്റ്റാജെറ്റിന് സൗദിയിൽ ആഭ്യന്തര സർവിസുകൾ നടത്തുന്നതിന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതാദ്യമായാണ് ഒരു വിദേശ വിമാനകമ്പനിക്ക് രാജ്യത്ത് ആഭ്യന്തര സർവിസിനുള്ള അനുമതി നൽകുന്നത്. സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ പ്രവർത്തന ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ആവശ്യകതകളും മാനദണ്ഡങ്ങളും കമ്പനി പാലിച്ചതിന് ശേഷമാണ് അനുമതി.ഇതോടെ രാജ്യത്തിനുള്ളിൽ ആവശ്യാനുസരണം പ്രവർത്തിക്കാൻ ലൈസൻസുള്ള ആദ്യത്തെ വിദേശ സ്വകാര്യ വിമാന കമ്പനിയായി വിസ്റ്റാജെറ്റ് മാറി. 2025 മേയ് ഒന്നു മുതൽ രാജ്യത്തിനുള്ളിൽ സ്വകാര്യ വിമാനങ്ങൾ സർവിസ് നടത്താൻ വിദേശ കമ്പനികളെ അനുവദിക്കാനുള്ള സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ തീരുമാനത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
സൗദിയിൽ സ്വകാര്യ വ്യോമയാന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ അനുമതിയെന്ന് അതോറിറ്റിയുടെ സാമ്പത്തിക നയങ്ങളുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും ഡെപ്യൂട്ടി സി.ഇ.ഒ അവാദ് അൽസൽമി പറഞ്ഞു. ഇത് കമ്പനികൾ തമ്മിൽ മത്സരങ്ങൾ വർധിപ്പിക്കുകയും മേഖലയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതയിൽനിന്ന് ഉരുത്തിരിഞ്ഞ വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് നൽകൽ.
2030 ആകുമ്പോഴേക്കും സൗദിയുടെ വ്യോമയാന മേഖലയെ മിഡിലീസ്റ്റിലെ മുൻനിരയിലാക്കുകയും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തുമുള്ള ബിസിനസ്, ടൂറിസം മേഖലകളിൽ സ്വകാര്യ വ്യോമയാനം ഒരു പ്രധാന ഘടകമാണ്.ആഗോള വ്യോമയാന വ്യവസായത്തിൽ ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും അതിന്റെ സ്ഥാനം വർധിപ്പിക്കുന്നതിനുമുള്ള സൗദിയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്. രാജ്യത്തിനുള്ളിലെ വിസ്റ്റാജെറ്റിന്റെ പ്രവർത്തനം വ്യോമമേഖലയുടെ വികസനത്തിനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ അതിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അൽസലമി പറഞ്ഞു.നിലവിൽ സൗദി വിമാനകമ്പനികളായ സൗദി എയർലൈൻസ്, നാസ് എയർ, ഫ്ലൈ അദീൽ, റിയാദ് എയർ എന്നിവ മാത്രമാണ് രാജ്യത്ത് ആഭ്യന്തര സർവിസുകൾ നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.