ഉല്ലാസം പ്രവാസം; അവധി ദിനങ്ങൾ ആനന്ദപ്രദമാക്കാൻ ജുബൈലിൽ ബോട്ടിങ് സർവിസ്
text_fieldsഫനാതീർ ബോട്ട് ഹാർബർ
ജുബൈൽ: അവധി ദിനങ്ങൾ ആനന്ദപ്രദമാക്കാൻ സൗദി കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മികച്ച അവസരമാണ് ജുബൈലിലെ ബോട്ടിങ് സർവിസ്. പല തരത്തിലുള്ള നിരവധി ബോട്ടുകളാണ് റോയൽ കമീഷൻ മേഖലയിലെ കടലോളങ്ങൾ കീറിമുറിച്ച് തലങ്ങും വിലങ്ങും പായുന്നത്. ചെറിയ പെരുന്നാൾ ദിനങ്ങളിലും സ്വദേശികളുടെയും വിദേശികളുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 17 കിലോമീറ്ററോളം നീളമുള്ള ബീച്ചുകളുടെ മനോഹാരിതയും ഈ ബോട്ട് യാത്രയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. വൈകുന്നേരങ്ങളിലാണ് ആളുകൾ അധികവും എത്തിച്ചേരുന്നത്. ബീച്ചുകളും പച്ചപ്പകിട്ടാർന്ന പാർക്കുകളും മറ്റു വിനോദങ്ങളുമൊക്കെ ഉണ്ടെങ്കിലും ബോട്ടിങ്ങിന് പ്രത്യേക ഡിമാൻഡാണ്.
ലുലു എക്സ്പ്രസ് പ്രവർത്തിക്കുന്ന ഗലേറിയ മാളിനോട് ചേർന്ന് ഫനാതീർ ബീച്ചിൽനിന്നും ദരീൻ പ്രദേശത്തെ ദാന ഹോട്ടൽ സമുച്ചയത്തിന് സമീപത്തുനിന്നും ബോട്ടിങ് സർവിസുകളുണ്ട്. രണ്ടുനിലയുള്ള പിക്നിക് ബോട്ട് സർവിസ് കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ ധാരാളം പേർ ഉപയോഗപ്പെടുത്തുന്നുണ്ട്. 30 റിയാലിന് അരമണിക്കൂറോളം കടലിൽ ഉല്ലാസയാത്ര നടത്താം. സ്പീഡ് ബോട്ടിനും ആവശ്യക്കാർ ഏറെയാണ്. സ്പീഡ് ബോട്ട് യാത്രക്ക് അര മണിക്കൂറിന് 250 റിയാലും ഒരു മണിക്കൂറിന് 400 റിയാലുമാണ് നിരക്ക്. 400 റിയാൽ മുടക്കിയാൽ ഹാർബറിന് സമീപത്ത് തന്നെയുള്ള ദ്വീപിൽ പോയി നീന്തി കുളിച്ച് തിമിർക്കുകയും ആവാം.
ഉൾക്കടലിൽ പോയി നങ്കൂരമിട്ട് മീൻ പിടിക്കാനും കുളിക്കാനും സ്പീഡ് ബോട്ട് സൗകര്യമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ സഞ്ചിനിറയെ മീനുമായി തിരിച്ചുവരാം. അഞ്ചുപേർക്ക് അഞ്ച് മണിക്കൂറിന് ഏകദേശം 1250 റിയാലാണ് ചാർജ് ഈടാക്കുന്നത്. അധികം യാത്രക്കാരുണ്ടെങ്കിൽ ഓരോരുത്തർക്കും 250 റിയാൽ കൂടുതൽ നൽകണം. ഒരു മണിക്കൂർ സഞ്ചാര ദൈർഘ്യമുള്ള ദ്വീപിലേക്കും സവാരിയുണ്ട്, 2,000 റിയാലാണ് ചാർജ്. എല്ലാ സ്പീഡ് ബോട്ട് യാത്രകൾക്കും ഡ്രൈവർ ഉൾപ്പെടെ പരമാവധി 12 പേർക്കാണ് അനുമതി.
കിഴക്കൻ പ്രവിശ്യയിലെ കടൽ വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സ്ഥലങ്ങളിലൊന്നാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ റോയൽ കമീഷൻ ബീച്ചുകൾ. അനുകൂല കാലാവസ്ഥയായതിനാൽ ബോട്ടുടമകൾക്ക് ഇപ്പോൾ നല്ല സമയമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.