പുതിയ അറബിക് ഡേറ്റ ഗവേണൻസ് പ്ലാറ്റ്ഫോമുമായി ‘ഗവേർണാറ്റ’
text_fieldsറിയാദ്: ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയങ്ങളുമായി തങ്ങളുടെ ഡാറ്റ ഗവേണൻസ് പ്രക്രിയ ഏകോപിപ്പിക്കാൻ സൗദി കമ്പനികളെ സഹായിക്കുന്ന പുതിയ അറബിക് ഡാറ്റാ ഗവേണൻസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ‘ഗവേർണാറ്റ’ കമ്പനി. നാഷനൽ ഡാറ്റ മാനേജ്മെന്റ് ഓഫിസ് (എൻ.ഡി.എം.ഒ), സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ) എന്നിവയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ഡാറ്റ കൈകാര്യം ചെയ്യാൻ ഇത് കമ്പനികളെ പ്രാപ്തരാക്കും.
ആവശ്യമായ മാനദണ്ഡങ്ങൾ അനുവർത്തിക്കപ്പെടുന്നതോടൊപ്പം പ്രാദേശികമായ പ്ലാറ്റ്ഫോം ആയതിനാൽ പ്രവർത്തനച്ചെലവും കുറയും. പ്രധാനമായും മൂന്ന് ഗുണങ്ങളാണ് ബിസിനസ് സ്ഥാപനങ്ങൾക്ക് ഇതിലൂടെ ലഭിക്കുക. ഒന്നാമതായി സർക്കാർ സംരംഭങ്ങളായ ‘മിസ്കും’ ‘സദായ’യും പ്രയോജനപ്പെടുത്തുന്ന പ്രാദേശിക സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ തദ്ദേശീയരായ സാങ്കേതിക വിദഗ്ധർക്ക് തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടും. ആയിരക്കണക്കിന് തദ്ദേശീയ ഡാറ്റാ എൻജിനീയർമാർ, ഡാറ്റാ വിദഗ്ധർ, മറ്റു വിദഗ്ധർ എന്നിവർക്ക് ഇപ്പോൾ അവസരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു.
രണ്ടാമതായി, ഈ മേഖലയിൽ കൂടുതൽ തദ്ദേശീയരായ പ്രതിഭകൾ എത്തുന്നതോടെ പ്രാദേശികമായ സാങ്കേതിക വിദ്യകൾ എല്ലായിടത്തും ഉപയോഗിക്കാൻ ഇത് കമ്പനികളെ സജ്ജമാക്കും. മൂന്നാമതായി, കമ്പനിയിൽ തന്നെയോ അല്ലെങ്കിൽ രാജ്യത്തിനകത്തോ തന്നെയുള്ള ക്ലൗഡ് സർവിസുകൾ ഉപയോഗപ്പെടുത്തണം എന്ന നിർദേശം പാലിക്കപ്പെടുന്നതിനാൽ ഡാറ്റയുടെ മേലുള്ള പരമാധികാരം സംരക്ഷിക്കപ്പെടുന്നു. കമ്പനികളുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാവുക.
ഡാറ്റാ ഇൻഫ്രാസ്ട്രക്ചറും കമ്പനി മാനേജ്മെൻറും യോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇതിന്റെ ഗുണഫലം ലഭ്യമാകുക. രാജ്യത്തിന്റെ നേതൃത്വം സൃഷ്ടിച്ചെടുത്ത സാങ്കേതിക മേഖലയിലെ വളർച്ച പ്രയോജനപ്പെടുത്താൻ സൗദി സ്ഥാപനങ്ങളെ സജ്ജമാക്കുക എന്നതാണ് ഗവേർണാറ്റ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. നിർമിത ബുദ്ധിയുടെ സാങ്കേതിക വിദ്യയിൽ ഏറെ മുന്നിട്ട് നിൽക്കുന്ന രാജ്യമായ സൗദി അറേബ്യ വിവിധ രൂപങ്ങളിലുള്ള ഡാറ്റ വേഗത്തിൽ പ്രോസസ് ചെയ്യാൻ ഉപയോഗിക്കുന്ന ജി.പി.യുവിന്റെ ഇറക്കുമതി, പ്രാദേശിക ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടിങ് പവർ എന്നിവയിൽ വലിയ നിക്ഷേപങ്ങളാണ് നടത്തി വരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.