ഇന്റർസിറ്റി ബസുകളിൽ; ജി.പി.എസും ഡേറ്റ ഡിറ്റക്ടറുകളും നിർബന്ധമാക്കുന്നു
text_fieldsറിയാദ് നഗരത്തിൽ സർവിസ് നടത്തുന്ന ബസ്
റിയാദ്: സൗദിയിൽ ഇന്റർസിറ്റി ബസുകളിൽ ജി.പി.എസ് ട്രാക്കിങ് ഉപകരണവും വേഗവും സമയവും രേഖപ്പെടുത്തുന്ന ഡേറ്റ ഡിറ്റക്ടറുകളും നിർബന്ധമാക്കി. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച വ്യവസ്ഥകൾ അനുസരിച്ചാണിത്. ഈ വ്യവസ്ഥകൾ ഇന്റർസിറ്റി ബസ് ഗതാഗതത്തെ നിയന്ത്രിക്കുകയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. ബസിനുള്ളിൽ ഡ്രൈവർ പുകവലിക്കുന്നതും നിരോധിച്ചിരിക്കുന്നു. ഉമ്മുൽ ഖുറ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വ്യവസ്ഥകൾ അനുസരിച്ച് ബസ് പ്രവർത്തിപ്പിക്കുന്നതിന് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. ഇതിനായി ഇലക്ട്രോണിക് രീതിയിൽ അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിരിക്കണം.അപേക്ഷ പൂരിപ്പിച്ച തീയതി മുതൽ 15 ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ ലൈസൻസ് നൽകും. ഇത് അഞ്ചു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.
സമാനമായ കാലയളവിലേക്ക് പുതുക്കാൻ കഴിയും. ലൈസൻസുള്ളയാൾ അതിന്റെ കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുമ്പ് പുതുക്കൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കാലാവധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ പുതുക്കൽ പൂർത്തിയാക്കിയില്ലെങ്കിൽ പ്രവർത്തന ലൈസൻസ് അസാധുവായി കണക്കാക്കും. അതോറിറ്റിയുടെ അംഗീകാരമില്ലാതെ ലൈസൻസ് ഒരു തരത്തിലും കൈമാറ്റം ചെയ്യാനോ നശിപ്പിക്കാനോ പാടില്ല.
വാഹനം അംഗീകൃത മോഡൽ ബസ് ആയിരിക്കണമെന്നും പ്രവർത്തന പ്രായം നിർമാണ വർഷം മുതൽ 10 വർഷത്തിൽ കൂടരുതെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. ബസ് ലൈസൻസിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കണം. അല്ലെങ്കിൽ സാമ്പത്തിക പാട്ടക്കരാർ പ്രകാരം അയാൾക്ക് പാട്ടത്തിന് നൽകാമെന്നും വ്യവസ്ഥ അനുശാസിക്കുന്നു. സുഖപ്രദമായ സീറ്റുകളുടെ ലഭ്യത, മതിയായ വായുസഞ്ചാരവും എയർ കണ്ടീഷനിങും, വാഹന ട്രാക്കിങ് സംവിധാനം, അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി വൈകല്യമുള്ളവർക്കായി പ്രത്യേക ഉപകരണങ്ങൾ ഉണ്ടായിരിക്കണം എന്നിവയും വ്യവസ്ഥകളിൽ ഉൾപ്പെടും. ഡ്രൈവർ ഓപറേറ്റിങ് കാർഡ് കൈവശം വെക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. അത് ലഭിക്കുകയും ബസിൽ ദൃശ്യമായ സ്ഥലത്ത് ഒട്ടിക്കുകയും ചെയ്തില്ലെങ്കിൽ ബസ് സർവിസ് പാടില്ല എന്നതും വ്യവസ്ഥകളിലുണ്ട്.
സേവനം എങ്ങനെ നിർവ്വഹിക്കാമെന്നും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താമെന്നും ഡ്രൈവർമാരെ പരിശീലിപ്പിക്കണം. ഡ്രൈവർമാർ പ്രതിദിനം പത്ത് മണിക്കൂറിൽ കൂടുതൽ അല്ലെങ്കിൽ ഇടവേളയില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിൽ കൂടുതൽ ബസ് പ്രവർത്തിപ്പിക്കേണ്ടതില്ല. ബസ് പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് ഡ്രൈവർമാർ അതിന്റെ സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. ഓപറേറ്റിങ് കാർഡ് ലഭിക്കുന്നത് വരെ ഡ്രൈവർമാർക്ക് ബസ് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. സർവിസ് ദാതാവുമായി ഏകോപിപ്പിച്ചതിനു ശേഷമല്ലാതെ ടിക്കറ്റ് ഇഷ്യൂ ചെയ്തതിന് ശേഷം യാത്ര റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യാൻ പാടില്ല.
യാത്രക്കാരൻ വൈകി എത്തിയാൽ നഷ്ടപരിഹാരം അവകാശപ്പെടാൻ അർഹതയില്ല എന്നും ടിക്കറ്റുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുണ്ട്. നിബന്ധനകൾക്ക് വിധേയമായി യാത്രക്കാർക്ക് യാത്ര റദ്ദാക്കാനും യാത്രാനിരക്കിന്റെ ഭാഗിക റീഫണ്ട് ലഭിക്കാനും അവകാശമുണ്ട്.
ഷെഡ്യൂൾ ചെയ്ത സമയത്തിന് 24 മണിക്കൂർ മുമ്പ് യാത്ര റദ്ദാക്കിയാൽ മുഴുവൻ തുകയും ആറു മണിക്കൂർ മുമ്പ് വരെ യാത്ര റദ്ദാക്കിയാൽ നിരക്കിന്റെ പകുതിയും തിരികെ നൽകും. ഷെഡ്യൂൾ ചെയ്ത സമയത്തിന് ആറു മണിക്കൂർ മുമ്പ് മാത്രം യാത്ര റദ്ദാക്കിയാൽ ഒരു നിരക്കും തിരികെ ലഭിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.