വിളവെടുപ്പ് തുടങ്ങി; സൗദിയിലിനി പുളിക്കാത്ത മുന്തിരി മധുരിക്കും നാളുകൾ
text_fieldsസൗദിയിലെ മുന്തിരിത്തോട്ടങ്ങളിലൊന്ന്
റിയാദ്: സൗദി അറേബ്യയിൽ മുന്തിരി വിളവെടുപ്പ് കാലത്തിന് തുടക്കം. ഇനി പുളിക്കാത്ത മുന്തിരി മധുരിക്കും നാളുകൾ. പ്രതിവർഷം 1,22,300 ടൺ മുന്തിരിയാണ് ഉൽപാദിപ്പിക്കുന്നത്.ഈ വർഷം തദ്ദേശീയ വിപണികളിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന വേനൽക്കാല പഴങ്ങളുടെ തോതിൽ വൻ വർധനയാണുള്ളത്. ആഗസ്റ്റ് മാസത്തിൽ, രാജ്യത്തിന്റെ പ്രദേശങ്ങൾ നിരവധി പ്രാദേശിക വേനൽക്കാല പഴങ്ങളുടെ, പ്രത്യേകിച്ച് മുന്തിരിയുടെ ഉൽപാദന സീസണിന് സാക്ഷ്യം വഹിക്കുന്നു.ഇറക്കുമതി ചെയ്യുന്ന ഇനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര മുന്തിരികൾക്ക് ഉയർന്ന ഗുണനിലവാരവും ഡിമാൻഡും ഉണ്ട്. ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണത്. കൂടാതെ അവയുടെ സമൃദ്ധമായ ഉൽപാദനം എല്ലാ വിപണികളെയും ഉൾക്കൊള്ളുന്നു. രാജ്യവ്യാപകമായുള്ള വിപണിയാവശ്യങ്ങൾ നിറവേറ്റുന്നു. സമ്പന്നമായ പോഷകമൂല്യത്തിനും മനോഹരമായ രുചിക്കും പേരുകേട്ടതാണ് സൗദി മുന്തിരി.
സൗദി മുന്തിരി
വിവിധ ഭക്ഷ്യസംസ്കരണ വ്യവസായങ്ങളിലും നിർണായക പങ്കുവഹിക്കുന്നു. സർക്കാർ നൽകുന്ന ഗണ്യമായ പിന്തുണ മൂലം രാജ്യത്ത് മുന്തിരികൃഷി ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം വിശദീകരിച്ചു. സർക്കാർ പിന്തുണ, നൂതന കാർഷിക സാങ്കേതിക വിദ്യകൾ സ്വീകരിക്കൽ, നല്ല കാർഷിക രീതികൾ എന്നിവ കാരണം രാജ്യത്ത് മുന്തിരികൃഷി ഗണ്യമായ വളർച്ച കൈവരിച്ചു. തബൂക്ക്, അൽഖസീം, ഹാഇൽ, അൽജൗഫ്, മദീന, അസീർ, ത്വാഇഫ് എന്നിവിടങ്ങളിലാണ് പ്രധാന മുന്തിരിത്തോട്ടങ്ങളുള്ളത്. ഉയർന്ന നിലവാരത്തിനും ശക്തമായ ഉപഭോക്തൃ ആവശ്യകതക്കും പേരുകേട്ട ത്വാഇഫി, ഹലാവാനി, ബനാറ്റി, ഏർലി സ്വീറ്റ്, ക്രിംസൺ സീഡ്ലസ്, തോംസൺ സീഡ്ലസ്, സുപ്പീരിയർ എന്നിവയാണ് ജനപ്രിയ പ്രാദേശിക ഇനങ്ങൾ.
മുന്തിരിയിനങ്ങളുടെ വൈവിധ്യം ജ്യൂസുകൾ, ഐസ്ക്രീം, മിഠായി തുടങ്ങിയ ഒന്നിലധികം വ്യവസായങ്ങളിൽ അവയുടെ ഉപയോഗത്തെ പിന്തുണക്കുന്നു.അതേസമയം ഭക്ഷ്യസുരക്ഷക്കും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്നു. സാങ്കേതിക പിന്തുണ, ഉപദേശക സേവനങ്ങൾ, ധനസഹായ സൗകര്യങ്ങൾ എന്നിവ നൽകിക്കൊണ്ട് രാജ്യത്തുടനീളമുള്ള കർഷകരെ അവരുടെ വിളകളുടെ താരതമ്യ നേട്ടത്തിനനുസരിച്ച് ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുമായി ആധുനിക കാർഷിക സാങ്കേതികവിദ്യകളുടെ വികാസത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.