നാട്ടിൽ മകന്‍റെ ആകസ്മിക മരണം; ദുഃഖം കടിച്ചമർത്തി കടലിനക്കരെ മാതാപിതാക്കൾ
text_fieldsജിദ്ദ: ആകസ്മികമായി നാട്ടിൽ മരിച്ച മകന്‍റെ മുഖം അവസാനമായൊന്ന് കാണാൻ കഴിയാതെ മാതാപിതാക്കൾ സൗദി അറേബ്യയിൽ. ജിദ ്ദയിലുള്ള കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജയറാം പിള്ളയുടെയും മഞ്ജുപിള്ളയുടെയും മകൻ രാഹുൽ പിള്ള (19)യാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചങ്ങനാശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. ജിദ്ദ അൽവുറൂദ് ഇൻറർനാഷനൽ സ്‌കൂൾ വിദ്യാർഥിയായിരുന്ന രാഹുൽ ഒന്നര വർഷം മുമ്പാണ് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോയത്.
ബംഗളുരുവിൽ ആയിരുന്നു കോളജ് പഠനം. കോളജ് അവധി ആയതിനാൽ നാട്ടിലെത്തി ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത മരണം.
മാസങ്ങൾക്ക് മുമ്പ് ജിദ്ദയിൽ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചുപോയ രാഹുൽ ഈ മാസം വീണ്ടും ജിദ്ദയിലെത്താൻ തീരുമാനിച്ചിരുന്നതാണ്. പക്ഷേ അപ്പോഴേക്കും വിമാന സർവിസുകൾ നിർത്തിയതിനാൽ വരാനായില്ല.
ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ ജയറാം പിള്ള സ്വന്തമായി ബിസിനസ് നടത്തുകയാണ്. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി രോഹിത് ആണ് മറ്റൊരു മകൻ. മൃതദേഹം ഒരു നോക്ക് കാണാനും അന്ത്യചുംബനം അർപ്പിക്കാനും കഴിയാതെ ദുഃഖം കടിച്ചമർത്തി കടലിനിക്കരെ കഴിയുകയാണ് മാതാപിതാക്കളും കൂടപിറപ്പും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.