റിയാദിൽ കാണാതായ മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ
text_fieldsറിയാദ്: രണ്ട് ദിവസം മുമ്പ് റിയാദിൽ കാണാതായ മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. റിയാദിൽ ടാക്സി ഡ്രൈവറായ മലപ്പുറം ഉമ്മത്തൂർ സ്കൂൾപറമ്പ് സ്വദേശി കിളിയമണ്ണിൽ മുസ്തഫയെ (55) ഞായറാഴ്ച മുതലാണ് കാണാതായത്. പുലർച്ചെ മലസിലെ കിങ് അബ്ദുല്ല പാർക്കിൽ നടക്കാൻ പോയതാണ്. പിന്നീടൊരു വിവരവുമുണ്ടായില്ല.
ടാക്സി ഡ്രൈവറായതിനാൽ ട്രാഫിക് പൊലീസ് പിടിച്ച് സ്റ്റേഷനിലായിരിക്കും എന്നാണ് റിയാദിൽ തന്നെയുള്ള സഹോദരങ്ങളും മറ്റ് ബന്ധുക്കളും കരുതിയത്. മുമ്പ് ഗതാഗത നിയമലംഘനത്തിന് പൊലീസ് പിടിച്ച് 48 മണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. ആ അനുഭവമുള്ളതിനാൽ 48 മണിക്കൂർ വരെ ബന്ധുക്കൾ കാത്തിരുന്നു. എന്നിട്ടും വിവരമില്ലാതായപ്പോൾ ചൊവ്വാഴ്ച രാവിലെ പിതൃസഹോദര പുത്രനായ നാസർ ഉമ്മത്തൂരും സുഹൃത്ത് ഇബ്രാഹിമും ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങി അന്വേഷിക്കുന്നതിനിടയിലാണ് ശുമൈസി ആശുപത്രിയുടെ മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്.
മോർച്ചറി അധികൃതരെ ഇഖാമ കാണിച്ചപ്പോൾ അവർ മൃതദേഹങ്ങൾ പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ പാർക്കിൽ വ്യായാമത്തിന് പോയ മുസ്തഫ ഒാടുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നത്രെ. അവിടെ വെച്ച് തന്നെ മരണവും സംഭവിച്ചു. പൊലീസാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഇതിന് മുെമ്പാരിക്കലും ഒരു രോഗങ്ങളും ഉണ്ടായിട്ടില്ലാത്ത, ദിവസവും വ്യായാമം ചെയ്ത് നല്ലതുപോലെ ആരോഗ്യം പരിപാലിക്കുന്നയാളായിരുന്നു മുസ്തഫയെന്നും മരണം വിശ്വസിക്കാനായില്ലെന്നും നാസർ ഉമ്മത്തൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റിയാദിലുള്ള സഹോദരങ്ങളായ ബഷീർ, സലീം, സക്കീർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള ശ്രമം നടക്കുന്നു. 33 വർഷമായി റിയാദിലുള്ള മുസ്തഫ ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയിവന്നത്. പരേതനായ ഇസ്മാഇൗലാണ് പിതാവ്. മതാവ്: നബീസ. ഭാര്യ: മുംതാസ്, മക്കൾ: അർഷാദ്, അർഷിദ, നിദ. മറ്റ് സഹോദരങ്ങൾ: ഷരീഫ്, ഹഫ്സത്ത്, സാജിദ, ജുമൈല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.