ഹജ്ജ് 2026 മുന്നൊരുക്കം; മക്കയിൽ വിവിധ സമിതികളുടെ സംയുക്ത ചർച്ചായോഗം സംഘടിപ്പിച്ചു
text_fields2026 ലെ ഹജ്ജ് മുന്നൊരുക്കങ്ങൾക്കായി മക്കയിൽ ചേർന്ന
ചർച്ചായോഗം മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിഷാൽ
ഉദ്ഘാടനം ചെയ്യുന്നു
മക്ക: 2026 വർഷത്തെ (ഹിജ്റ 1447) ഹജ്ജ് ആസൂത്രണത്തെക്കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും ഒരുക്കങ്ങൾ തുടങ്ങാനും മക്കയിൽ സംയുക്ത ചർച്ചായോഗം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ 40 ലധികം സർക്കാർ, സുരക്ഷ, സേവന ഏജൻസി പ്രതിനിധികളാണ് പങ്കെടുത്തത്. മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിഷാൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2025 ലെ വിജയകരമായ ഹജ്ജിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും മക്കയിൽ സംവിധാനിച്ച ഫലപ്രദമായ ഒരുക്കങ്ങളിൽ നിന്ന് ശ്രദ്ധ കേന്ദ്രീകരിച്ചാണ് അടുത്ത വർഷത്തെ ഹജ്ജ് ആസൂത്രണങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഭരണകൂടത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് വിവിധ സമിതികളുടെ സംയുക്ത ചർച്ചായോഗം സംഘടിപ്പിച്ചതെന്നും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും അവരുടെ അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു. ഹാജിമാർക്കുള്ള സേവനം ഒരു വലിയ ഉത്തരവാദിത്തമാണ്, നമ്മുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നേടിയെടുക്കുന്നതിന് നമ്മുടെ ശ്രമങ്ങൾ ഇരട്ടിയാക്കാനും നമ്മുടെ പങ്കുകൾ സംയോജിപ്പിക്കാനും നമുക്ക് സാധ്യമാക്കണം. തീർഥാടകർക്ക് കുറ്റമറ്റ സേവനങ്ങൾ നൽകാനും മുൻകാലങ്ങളിലെ ഹജ്ജ് ആസൂത്രണ വിജയങ്ങൾ ഏകീകരിക്കാനും വരും വർഷങ്ങളിലും വിജയകരമായ ഹജ്ജ് ഒരുക്കാനും എല്ലാവരുടെയും വലിയ പിന്തുണ വേണമെന്നും മക്ക ഡെപ്യൂട്ടി അമീർ കൂട്ടിച്ചേർത്തു.
ഹജ്ജ്, ഉംറ എന്നിവക്കുള്ള സ്ഥിരം സമിതിയുടെ ചെയർമാൻ അമീർ ഖാലിദ് അൽ ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹജ്ജ് സീസണിൽ വിവിധ മേഖലകളിൽ മഹത്തായ സേവനങ്ങൾ ചെയ്തിരുന്ന 40 ലധികം സർക്കാർ, സുരക്ഷ, സേവന ഏജൻസികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും ചർച്ചകളിൽ പങ്കാളികളാവുകയും ചെയ്തു.
ഈ വർഷത്തെ ഹജ്ജ് സീസൺ അവസാനിച്ച ഉടൻ തന്നെ തയാറെടുപ്പുകൾ ആരംഭിക്കുന്നതിനുള്ള രാജ്യത്തിന്റെ സുസ്ഥിരമായ സമീപനത്തെ പിന്തുടർന്നാണ് 2026 സീസണിനായുള്ള പ്രവർത്തന പദ്ധതികൾക്ക് ഒരുക്കങ്ങൾ ആരംഭിക്കുന്നത്.
സൗദി വിഷൻ 2030 ലക്ഷ്യങ്ങളിലൊന്നായ 'പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമി' ന്റെ ഹജ്ജ് പ്രോജക്ട് മാനേജ്മെന്റ് ഓഫിസുമായി സഹകരിച്ച് മക്ക ഗവർണറേറ്റ് സംഘടിപ്പിച്ച യോഗത്തിൽ തീർഥാടകരെ സേവിക്കുന്നതിന് ഉത്തരവാദിത്തമുള്ള വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സൗദി ഭരണകൂടത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സംരംഭങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിലും സേവന സ്ഥാപനങ്ങൾക്കിടയിൽ സംയോജനം വർധിപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
സേവന നിലവാരത്തെ പിന്തുണക്കുന്നതിനും, വെല്ലുവിളികൾ മുൻകൂട്ടി കാണുന്നതിനും, പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം കാര്യക്ഷമമാക്കാനും ചർച്ചായോഗം തീരുമാനമെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.