ഹജ്ജ്, ഉംറ സമ്മേളനം ഹജ്ജ് വിസക്ക് ‘ഹെൽത്ത് ഫിറ്റ്നസ്’ നിർബന്ധം -സൗദി ആരോഗ്യ മന്ത്രി
text_fieldsസൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസ്
മേധാവികളുടെ യോഗത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഹജ്ജ് വിസ ലഭിക്കുന്നതിന് തീർഥാടകന്റെ ‘ഹെൽത്ത് ഫിറ്റ്നസ്’ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ. ‘ദർശനത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക്; ഹജ്ജ് സീസണിൽ സേവനങ്ങൾ സംയോജിപ്പിക്കൽ’ എന്ന തലക്കെട്ടിൽ ജിദ്ദ സൂപ്പർ ഡോമിൽ നടന്ന അഞ്ചാമത് ഹജ്ജ്, ഉംറ സമ്മേളനത്തിലെ മന്ത്രിതല സെഷനിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും അവരെ സുഖകരമായും സുരക്ഷിതമായും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
തീർഥാടകർ സ്വന്തം രാജ്യങ്ങളിൽനിന്ന് പുറപ്പെടുന്നത് മുതൽ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നതുവരെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ സംവിധാനം വിവിധ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഹജ്ജ് സീസണിൽ തീർഥാടകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ആരോഗ്യ സംവിധാനത്തിന്റെ ശ്രമങ്ങൾ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വിശദീകരിച്ചു. തീർഥാടകരുടെ രാജ്യങ്ങളിലെ ആരോഗ്യപരമായ അപകട സാധ്യതകളെ അടിസ്ഥാനമാക്കി പ്രതിവർഷം വാക്സിനേഷൻ മാനദണ്ഡം അപ്ഡേറ്റ് ചെയ്യുക, ചൂട് സമ്മർദം തടയുന്നതിനുള്ള സംയോജിത ശ്രമങ്ങളിലൂടെ ഉയർന്ന താപനില പോലുള്ള കാലാവസ്ഥ വെല്ലുവിളികളെ നേരിടുക എന്നിവ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുമെന്ന് മന്ത്രി സൂചിപ്പിച്ചു.
സുരക്ഷിതവും ആരോഗ്യകരവുമായ ഹജ്ജ് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പണ പ്രവർത്തനം നടത്തുന്നതിലൂടെ തീർഥാടകരുടെ ആരോഗ്യം ഒരു മുൻഗണനയാണെന്നും തീർഥാടകരെ പരിപാലിക്കുന്നതിനും അവരുടെ കർമങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

