ഹജ്ജ്, ഉംറ: 21-ാമത് സയന്റിഫിക് ഫോറം സമാപിച്ചു
text_fieldsമദീനയിൽ നടന്ന 21-ാമത് സയന്റിഫിക് ഫോറത്തിൽ പങ്കെടുക്കാൻ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ എത്തിയപ്പോൾ
മദീന: ഹജ്ജ്, ഉംറ തീർഥാടകർക്ക് പുതിയ സംവിധാനങ്ങളും നൂതന പദ്ധതികളും ആവിഷ്കരിക്കുന്നതിനെ കുറിച്ചാലോചിക്കാൻ സംഘടിപ്പിച്ച 21-ാമത് സയന്റിഫിക് ഫോറം മദീനയിൽ സമാപിച്ചു.
മദീന ഉമ്മുൽ ഖുറ സർവകലാശാലയുടെ മേൽനോട്ടത്തിൽ ഇരു ഹറം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹജ്ജ് ആൻഡ് ഉംറ റിസർച്ചിന്റെ കീഴിലായിരുന്നു ദ്വിദിന പ്രദർശനവും സമ്മേളനവും. മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരു ഹറമുകൾ സന്ദർശിക്കാനെത്തുന്നവർക്കും തീർഥാടകർക്കും ആവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിൽ രാജ്യം ഏറെ ശ്രദ്ധപുലർത്തുന്നുണ്ടെന്നും നൂതന പദ്ധതികൾ ഏറെ ഫലം ചെയ്തിട്ടുണ്ടെന്നും മദീന ഗവർണർ പറഞ്ഞു. ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ മുഖ്യാതിഥിയായിരുന്നു.
'ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംവിധാനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം' എന്ന പ്രമേയത്തിൽ വിവിധ പ്രസന്റേഷനുകളും ചർച്ചകളും ശിൽപശാലകളും നടന്നു.
ഹജ്ജ്, ഉംറ സേവനങ്ങളിൽ സൗദി അറേബ്യ ചെലുത്തുന്ന താൽപര്യവും പരിശ്രമവും എടുത്തുകാണിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും ഒരുക്കിയിരുന്നു. വിവിധ മേഖലകളിൽ പ്രമുഖരായവരും സാങ്കേതിക മേഖലകളിൽ കഴിവ് തെളിയിച്ചവരും നിരവധി പ്രതിനിധികളും പങ്കെടുത്തു.
ആറ് ശിൽപശാലകളും ആറ് ശാസ്ത്ര സെഷനുകളും ദ്വിദിന ഫോറത്തിൽ ഉൾപ്പെടുത്തിയിരുന്നു. യുവാക്കളുടെ കർമശേഷിയെ തീർഥാടക സേവനത്തിനായി ക്രിയാത്മകമായി ഉപയോഗിക്കുക എന്നത് കൂടി ഫോറം ലക്ഷ്യം വെക്കുന്നു.
ഹജ്ജിനും ഉംറക്കും സേവന സംവിധാനമൊരുക്കുന്ന പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ ഇരു ഹറമുകളുമായി ബന്ധപ്പെട്ട ചരിത്രപ്രദർശനവും ഒരുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.