ജിദ്ദ വിമാനത്താവളത്തിൽ ഹജ്ജ് മന്ത്രിയുടെ സന്ദർശനം
text_fieldsഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
സന്ദർശനം നടത്തിയപ്പോൾ
ജിദ്ദ: തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി. ജിദ്ദ എയർപോർട്ട് ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ എൻജിനീയർ റാഇദ് അൽ മുദൈഹിം, സി.ഇ.ഒ എൻജിനീയർ മാസിൻ ജൗഹർ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.
തീർഥാടകരുടെ വരവും താമസസ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കുന്നതിനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദമായി പരിശോധിച്ചു. എയർപോർട്ടിലെ ഹജ്ജ് ടെർമിനൽ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ടെർമിനൽ ഒന്ന്, ടെർമിനൽ നാല് എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ പ്രധാന സന്ദർശനം. തീർഥാടകരെ സ്വീകരിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള അത്യാധുനിക സംവിധാനങ്ങൾ അദ്ദേഹം വിലയിരുത്തി.
മന്ത്രാലയത്തിന് കീഴിൽ വിമാനത്താവളത്തിൽ നടപ്പാക്കുന്ന ‘നുസ്ക് മർഹബ’ ഉൾപ്പെടെയുള്ള ഫീൽഡ് സംരംഭങ്ങളെക്കുറിച്ചുള്ള വിശദീകരണവും അദ്ദേഹം കേട്ടു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമായി വിമാനത്താവള ജീവനക്കാർ നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. സന്ദർശനത്തിനിടെ വിമാനത്താവളത്തിലെത്തിയ തീർഥാടകരുമായി മന്ത്രി ആശയവിനിമയം നടത്തുകയും അവർക്ക് സുഗമമായ ഹജ്ജ് ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

