ആത്മാഭിമാനമുണ്ടെങ്കിൽ സി.പി.ഐ ഇടത് മുന്നണിയിൽ തുടരരുത് -അഡ്വ. വി.പി. അബ്ദുൽ റഷീദ്
text_fieldsഒ.ഐ.സി.സി നേതാക്കളോടൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.പി. അബ്ദുൽ റഷീദ് ദമ്മാമിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദമ്മാം: പി.എം ശ്രീ പദ്ധതി അടക്കമുള്ള നയങ്ങളിൽ സി.പി.എം ഇടതുമുന്നണിയെയും കേരളത്തേയും ഘടകകക്ഷികളെയും വഞ്ചിച്ചതായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു. ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റിയുടെ പ്രത്യേക പരിപാടിയിൽ ക്ഷണിതാവായി എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സി.പി.ഐക്ക് പോലും ഇടതു മുന്നണിയിൽ ഇടം ഇല്ലായെന്ന് തെളിയുകയാണ് മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച സംഭവം. ആത്മാഭിമാനമുണ്ടെങ്കിൽ സി.പി.ഐ ഇടതു മുന്നണിയിൽ ഇനി തുടരരുത്. പി.എം ശ്രീ പദ്ധതിയിൽ മോദിയും ബി.ജെ.പിയുമായി ഇവർ നടത്തിയ ഒത്തുകളി എത്ര ന്യായീകരിച്ചാലും പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. പൊളളയായ വാഗ്ദാനമടക്കമുള്ളത് മാത്രമേ പിണറായി നടത്തുന്നുളളുവെന്നും പി.ആർ വർക്കിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പ്രവാസികളെ കാണാനെത്തിയതെന്നും അബ്ദുൽ റഷീദ് പറഞ്ഞു.
കോവിഡ് കാലത്ത് എന്തൊക്കെ വാഗ്ദാനങ്ങളാണ് തിരികെ മടങ്ങുന്ന പ്രവാസികളോട് പിണറായി വിജയൻ പറഞ്ഞ് പറ്റിച്ചത്. ആറ് മാസത്തെ ശമ്പളം അക്കൗണ്ടിൽ തരുമെന്നതടക്കം ഒമ്പതര വർഷത്തെ ഭരണകാലത്ത് പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ പറഞ്ഞതിൽ ഏതെങ്കിലും ഒരെണ്ണം പോലും നടപ്പാക്കിയിട്ടില്ല . പുതുതായി നടപ്പിലാക്കുമെന്നു പറയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താനുണ്ട്.
കേന്ദ്ര ഏജൻസികളെ എങ്ങനെയാണോ മോദിയും കൂട്ടരും ഉപയോഗിക്കുന്നത് അതേപൊലെ തന്നെയാണ് രാഷ്ട്രീയ എതിരാളികൾക്ക് എതിരെ കേരളത്തിൽ മുഖ്യമന്ത്രിയും തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നത്.
സംഘപരിവാർ, ബി.ജെ.പി നയങ്ങൾക്കെതിരെ ആദ്യം എതിർപ്പു പറയുമെങ്കിലും പിന്നീട് വഴങ്ങിക്കൊടുക്കുകയും ഒത്തുതീർപ്പു നടത്തുകയുമാണ് കുറെക്കാലമായി പിണറായിയും മാർക്സിറ്റ് പാർട്ടിയും നടത്തുന്നത്. അണികളുടെ കയ്യടി വാങ്ങാൻ ആദ്യം എതിർക്കുമെങ്കിലും ബി.ജെ.പിയുടെ അജണ്ടകൾക്ക് പിന്നീട് ഒത്താശ പാടുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പി.എം ശ്രീ പദ്ധതി കാലേക്കൂട്ടി ഒപ്പിട്ടതെന്നും അഡ്വ. വി.പി അബ്ദുൽ റഷീദ് അഭിപ്രായപ്പെട്ടു.
വാർത്തസമ്മേളനത്തിൽ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, കെ.പി.സി.സി മുൻ അംഗം അഹ്‌മദ് പുളിക്കൽ, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുസ്‌തഫ നണിയൂർ നമ്പറം, പ്രോവിൻസ് ആക്ടിംഗ് പ്രസിഡൻ്റ് പി.കെ അബ്ദുൽ കരിം, പ്രോവിൻസ് സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ജില്ലാ ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ പയ്യന്നൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

