സൗദിയിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ തൊഴിലുടമയുടെ ബാധ്യത
text_fieldsജിദ്ദ: സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് തൊഴിലുടമകൾക്ക് നിർബന്ധമാണെന്ന് കൗൺസിൽ ഓഫ് കോപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് ഒരു നിശ്ചിത എണ്ണം കുടുംബാംഗങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തരുത്. ഭാര്യമാരും 25 വയസ് വരെയുള്ള എല്ലാ ആൺകുട്ടികളും പെൺകുട്ടികളും അവിവാഹിതരും ജോലി ചെയ്യാത്തവരുമായ പെൺമക്കളും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടും. യോഗ്യതയുള്ള ഇൻഷുറൻസ് കമ്പനി മുഖേന ഏറ്റവും കുറഞ്ഞ ആനുകൂല്യ പരിധിയെങ്കിലും പാലിച്ചുകൊണ്ട് പോളിസി എടുക്കണം.
ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് മുതൽ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്തണം. അതിനാൽ ജോലി ആരംഭിച്ച തീയതി മുതൽ ജീവനക്കാർക്ക് കവറേജ് ലഭിക്കാൻ അർഹതയുണ്ടെന്ന് സി.സി.എച്ച്.ഐ വ്യക്തമാക്കി. ജീവനക്കാരൻ മറ്റേതെങ്കിലും കമ്പനിയിലേക്ക് ജോലി മാറുമ്പോൾ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ട ഉത്തരവാദിത്തം പുതിയ തൊഴിലുടമക്കാണ്. തൊഴിലാളി സേവനം അദ്ദേഹത്തിന് കൈമാറിയ ദിവസം മുതൽ ഇത് പ്രാബല്യത്തിൽ വരും. ഭർത്താവും ഭാര്യയും ഒരേ സമയം വിത്യസ്ത തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യുന്നവരാണെങ്കിൽ കുട്ടികളുടെ ഇൻഷുറൻസ് പരിരക്ഷ വഹിക്കേണ്ടത് ഭർത്താവിന്റെ തൊഴിലുടമയാണ്. സ്വന്തത്തിനോ കുടുംബാംഗങ്ങൾക്കോ ഉള്ള ആരോഗ്യ ഇൻഷുറൻസിന് ജീവനക്കാർ ഒരു തുകയും വഹിക്കാൻ ബാധ്യസ്ഥരല്ലെന്നും സി.സി.എച്ച്.ഐ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.