അവധി ദിനവും ഓണവും ഒരുമിച്ചെത്തി; സൗദിയിലെ മലയാളി പ്രവാസികൾ ആഹ്ലാദത്തിൽ
text_fieldsഓണപ്പൂക്കളം
അൽഖോബാർ: തിരുവോണവും വാരാന്ത്യ അവധിയും ഒരുമിച്ചെത്തിയതോടെ സൗദിയിലെ മലയാളി സമൂഹം ആഘോഷത്തിമിർപ്പിലാണ്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക സംഘങ്ങളും നാട്ടുകൂട്ടായ്മയുമെല്ലാം ആഘോഷങ്ങൾ പൊടിപിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ക്യാമ്പുകൾ, ഇസ്തിറാഹകൾ, ഭക്ഷണ ശാലകളിലെ ഹാളുകൾ എല്ലാം നേരത്തെ തന്നെ പല കൂട്ടായ്മകളും ബുക്ക് ചെയ്തു കഴിഞ്ഞു. അവധി ദിവസമായ ഇന്ന് (വെള്ളി) തന്നെ തിരുവോണവും വന്നതിനാൽ തന്നെ നാട്ടിലെ തങ്ങളുടെ കുടുംബങ്ങളോടൊപ്പം സൗദിയിലും ആഘോഷം നടക്കുമെന്ന സന്തോഷം ഇക്കുറി പ്രവാസികൾക്കുണ്ട്. മുമ്പൊക്കെ ജോലി ദിവസങ്ങളിൽ തിരുവോണം വന്നിരുന്നതിനാൽ തുടർന്ന് വരുന്ന അവധി ദിനത്തിലേക്ക് ആഘോഷങ്ങളെല്ലാം മാറ്റിവെക്കേണ്ട അവസ്ഥയായിരുന്നു. വളരെ കാലത്തിന് ശേഷമാണു ഇങ്ങിനെ അവധി ദിനത്തിൽ തിരുവോണം വിദേശത്ത് ലഭിക്കുന്നത്. വിദേശങ്ങളിൽ ഏത് ആഘോഷങ്ങളാണെങ്കിലും അത് ആഴ്ചകളോളം നീണ്ടുനിൽക്കും എന്നതിനാൽ തന്നെ വരും ആഴ്ചകളിലും വിവിധ കൂട്ടായ്മകൾ ഓണം കെങ്കേമമായി ആഘോഷിക്കുന്നുണ്ട്.
ഓണത്തിന്റെ പ്രധാന സന്തോഷം പുതുവസ്ത്രങ്ങളും ഓണസദ്യയും തന്നെ. വീടുകളിലൊരുങ്ങുന്ന ഓണസദ്യയുടെ സുഗന്ധം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ മലയാളി വീടുകളിൽ പടർന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് പാചകത്തിനായി അടുക്കളയിൽ തിരക്കാണ്. കായ, പച്ചടി, ഇഞ്ചിപ്പുളി, അവിയൽ, സാംബാർ, പായസം തുടങ്ങി പത്തിരുപതോളം വിഭവങ്ങൾ ഒരുക്കാൻ മലയാളികൾ ശ്രമിക്കുന്നു. തനതായ രുചിയും ഓണത്തിന്റെ ആത്മാവും നിലനിർത്താൻ കഴിയുന്നത്ര പരിശ്രമിക്കുന്നു. വാഴ ഇലക്കും സദ്യ വട്ടങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ മലയാളി സൂപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഓണവിഭവങ്ങൾക്കും മുണ്ടും സെറ്റ് സാരിക്കൊക്കെയായി പ്രത്യേക കൗണ്ടറുകൾ സൗദിയിലെ ലുലു ഉൾപ്പടെയുള്ള വലിയ ഹൈപ്പർ മാർക്കറ്റുകളിൽ തുറന്നിട്ടുണ്ട്. സദ്യ വീട്ടിൽ ഒരുക്കാൻ കഴിയാത്തവർക്കായി സൗദിയിലെ വിവിധ നഗരങ്ങളിൽ നിരവധി മലയാളി ഹോട്ടലുകൾ പ്രത്യേക ഓണസദ്യ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താൽ വീടുകളിലേക്ക് തന്നെ വിഭവങ്ങൾ എത്തിക്കുന്ന സംവിധാനവും ഹോട്ടലിൽ ഇരുന്ന് കഴിക്കുന്നതിനുള്ള സംവിധാനവും സംവിധാനിച്ചിട്ടുണ്ട്. ഓണപ്പൂക്കളങ്ങളൊരുക്കാനും മലയാളി മങ്കമാരും കുട്ടികളുമെല്ലാം ഉത്സാഹത്തോടെ രംഗത്തുണ്ട്. സംഘടനകളുടെ ആഘോഷങ്ങളിൽ ഉറിയടി, വടംവലി, ഓണപ്പാട്ട് മത്സരം, കസേരകളി, സാംസ്കാരിക സമ്മേളനങ്ങൾ, ഗാനമേളകൾ തുടങ്ങിയവ അരങ്ങേറും. ഓണാഘോഷം പ്രവാസത്തിൽ പുതുമയും ഉത്സാഹവും ഒത്തൊരുമയുടെ സന്ദേശവും പകരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.