ഫാർമസി, ദന്താശുപത്രി ജോലികളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ
text_fieldsറിയാദ്: സൗദിയിൽ ആരോഗ്യമേഖലയിൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ഫാർമസികൾ, ദന്താശുപത്രികൾ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്സുകളിലും ഫാർമസി ജീവനക്കാരിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി ജീവനക്കാരിൽ 65 ശതമാനവും റെഗുലർ ഫാർമസികളിൽ 55 ശതമാനവുമായി വർധിപ്പിക്കുന്നതിനുള്ള തീരുമാനമാണ് നടപ്പാക്കാൻ തുടങ്ങിയത്. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 9,000 റിയാലായി ഉയർത്തുകയും ചെയ്തു.
ഈ വർഷം ജനുവരിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ഈ മേഖലകളിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാർമസി സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. ദന്തൽരംഗത്തെ സൗദിവൽക്കരണ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്. അടുത്ത ഘട്ടം 2026 ജൂലൈയിലാണ്. അപ്പോൾ 55 ശതമാനമായി ഉയർത്തും.
മൂന്നോ അതിലധികമോ ജീവനക്കാരുള്ള ദന്തൽ സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടം തീരുമാനം ബാധകമാകുന്നത്. രാജ്യത്തുടനീളമുള്ള സ്വദേശി സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തൊഴിൽ മേഖലകളെ സ്വദേശിവത്കരിക്കുന്നതിെൻറ ഭാഗമാണിത്.
തൊഴിൽരംഗത്തെ സ്വദേശിവത്കരണ നടപടികളുടെ ഫലമായി 24.8 ലക്ഷം സ്വദേശി പൗരന്മാർ സ്ത്രീപുരുഷഭേദമന്യേ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിപ്പിച്ച് റെക്കോർഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശിസമൂഹത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനം എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെന്നത് ഈ നടപടികളുടെ വിജയമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.