സൗദി ടൂറിസം മേഖലയിൽ 41 തൊഴിലുകളിൽ സ്വദേശിവത്കരണം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിൽ 41 തൊഴിലുകൾ സ്വദേശിവത്കരിക്കുന്നു. ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. രാജ്യത്തെ മുഴുവൻ സ്വകാര്യ ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമാണ്. തീരുമാനം മൂന്നു ഘട്ടങ്ങളായി നടപ്പാക്കും.
ആദ്യ ഘട്ടം 2026 ഏപ്രിൽ 22നും രണ്ടാം ഘട്ടം 2027 ജനുവരി മൂന്നിനും അവസാന ഘട്ടം 2028 ജനുവരി രണ്ടിനും ആരംഭിക്കും. ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ, ടൂറിസം ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഹോട്ടലുടമ, സൈറ്റ് ഗൈഡ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നിവയടക്കം ടൂറിസം മേഖലയിലെ മൊത്തം 41 തസ്തികകളിൽ നിശ്ചിത ശതമാനം സൗദി പൗരർക്ക് മാത്രമായി നിജപ്പെടുത്തും.
സ്വദേശിവത്കരണ കണക്കും നിയമനടപടിക്രമങ്ങളും അതിന്റെ സംവിധാനവും ഈ തീരുമാനം പാലിച്ചില്ലെങ്കിലുള്ള പിഴയും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ മാർഗനിർദേശവും ഒപ്പമുണ്ട്. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിലുകളുടെ സൗദിവത്കരണ നിരക്ക് ഉയർത്താനും ഈ തീരുമാനം ലക്ഷ്യമിടുന്നു.
തദ്ദേശീയ മാനവശേഷിയെ പിന്തുണക്കുന്നതിനും വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള തൊഴിൽ വിപണി തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഈ തീരുമാനമെന്നും മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.