അന്താരാഷ്ട്ര ഫാൽക്കൺ ലേലം; ഒരു ഫാൽക്കണിന്റെ വില 40,000 ഡോളർ
text_fieldsമൽഹാമിലുള്ള സൗദി ഫാൽക്കൺസ് ക്ലബിലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽനിന്ന്
റിയാദ്: റിയാദിലെ മൽഹാമിലുള്ള സൗദി ഫാൽക്കൺസ് ക്ലബിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ലേലത്തിൽ ഒരു ഫാൽക്കൺ റെക്കോഡ് വിലക്ക് വിറ്റു പോയതായി അധികൃതർ. 40,000 ഡോളറിന് (151,000 സൗദി റിയാൽ) ആണ് കഴിഞ്ഞ ദിവസം വിൽപന നടന്നതെന്നും ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സംഖ്യയുടെ വിൽപനയുമാണ് റിപ്പോർട്ട് ചെയ്തത്.സൗദി ഇനത്തിൽ പെട്ട ഫാൽക്കണിന്റെ വിൽപന മിഡിലീസ്റ്റിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയായി. 'സ്ലൊവേനിയൻ ബ്രീഡർ' ഫാമിൽനിന്നുള്ള പ്രാദേശികമായി 'ഹർ' എന്നറിയപ്പെടുന്ന ഗൈർഫാൽക്കണിനുള്ള ലേലം 50,000 സൗദി റിയാൽ മുതൽ ആരംഭിച്ചു. ഒരു വയസ്സിൽ താഴെ പ്രായമുള്ള ഈ ഫാൽക്കൺ ഏകദേശം 40 സെന്റീമീറ്റർ ഉയരവും 1 കിലോയിൽ കൂടുതൽ ഭാരവുമുണ്ട്.
ഉയർന്ന വിലക്ക് ഫാൽക്കൺ വാങ്ങുന്നയാളുടെ പേരു വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സൗദി ഫാൽക്കൺസ് ക്ലബ് സംഘടിപ്പിച്ച ലേലത്തിന്റെ ഓരോ ഘട്ടത്തിലും വിവിധ ഇനങ്ങളിലുള്ള ഫാൽക്കണുകൾ നല്ല വിലക്കാണ് വിറ്റുപോകുന്നത്.ബ്രിട്ടീഷ് ബ്രീഡർ എന്നറിയപ്പെടുന്ന ഇനത്തിൽ പെട്ട ഫാൽക്കണിനും ഷഹീൻ ഫാൽക്കണിനും ലേലക്കാർ മത്സരിച്ചു. കടും തവിട്ട് നിറമുള്ള 1.1 കിലോഗ്രാം ഭാരമുള്ള ഒരു ഫാൽക്കൺ ഒടുവിൽ 51,000 റിയാലിനാണ് വിറ്റത്. ലോകത്തിലെ ഏറ്റവും വലിയ ഇനമാണ് ഗൈർഫാൽക്കൺ അഥവാ ഗൈർ. തെളിഞ്ഞ വെള്ള മുതൽ തവിട്ട് വരെ നിറങ്ങളിൽ സാധാരണ ഇവകളെ കാണാം. ഇവക്ക് വലുതും വീതിയേറിയതും നീണ്ട വാലുള്ളതുമായ ശരീരമുണ്ട്.
അന്താരാഷ്ട്ര ഫാൽക്കൺ മാർക്കറ്റിൽ ഇവക്ക് നല്ല ഡിമാന്റ് ആണ്. കഴിഞ്ഞ വർഷം, അൾട്രാ വൈറ്റ് എന്ന പെരെഗ്രിൻ ഫാൽക്കൺ റെക്കോർഡ് വിലയായ 400,000 റിയാലിന് വിറ്റിരുന്നു. സൂപ്പർ വൈറ്റ് എന്നറിയപ്പെടുന്ന പെരെഗ്രിൻ ഫാൽക്കൺ 86,000 റിയാലിന് വിറ്റതും കഴിഞ്ഞ വർഷത്തെ റെക്കോഡ് ആണ്. 866 ഫാൽക്കണുകൾ 10 ദശലക്ഷം റിയാലിന്റെ വിൽപനയോടെയാണ് ലേലം അവസാനിച്ചത്.കഴിഞ്ഞ വർഷം ക്ലബ് നടത്തിയ ആഭ്യന്തര ലേലത്തിൽ ഏകദേശം 6 ദശലക്ഷം റിയാലാണ് സമാഹരിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 18 ദശലക്ഷം റിയാലിലധികം വിൽപന നടത്തിയ ചരിത്രമുള്ള ഈ ലേലം പുതിയ അന്താരാഷ്ട്ര ഫാൽക്കൺ ഫാമുകൾ പരിചയപ്പെടുത്തുകയും ഉൽപാദകരും നിക്ഷേപകരും തമ്മിലുള്ള സഹകരണം വളർത്തുകയും ചെയ്യുന്നു.
സൗദിയിൽ ഫാൽക്കണുകൾക്ക് വിശ്വസനീയമായ ഒരു വിപണി പ്രദാനം ചെയ്യാനും ലോകത്തിലെ തന്നെ ഏറ്റവും ആകർഷണീയമായ ഫാൽക്കൺ മേളക്ക് രാജ്യം വേദിയായതായും സൗദി ഫാൽക്കൺസ് ക്ലബിന്റെ വക്താവ് വാലിദ് അൽ തവീൽ പറഞ്ഞു. ലേലത്തിൽ വിൽപനയിലും മെഡിക്കൽ പരിശോധനകളിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുവെന്നും ലേലത്തിന്റെ തത്സമയ സംപ്രേക്ഷണവും പ്രചാരണവും ഏറെ ഫലം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ സൗദിയുടെ സാംസ്കാരിക, സാമ്പത്തിക, ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഫാൽക്കൺ ലേലം ഒരു പ്രധാന പങ്കുവഹിക്കുന്നു. സൗദിയുടെ പാരമ്പര്യത്തിന്റെയും മരുഭൂമി സംസ്കാരത്തിന്റെയും ഒരു പ്രധാന ഘടകമാണ് ഫാൽക്കൺ. അത് കൊണ്ട് തന്നെ ഇതിന്റെ ലേലവും പ്രദർശനവും ആഗോളതലത്തിൽ തന്നെ മുഖ്യ ആകർഷകമായി മാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.