ജിദ്ദ എയർപോർട്ടിന് നേട്ടം; കഴിഞ്ഞ ആറുമാസത്തിനിടെ 2.55 കോടി യാത്രക്കാർ
text_fieldsജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ: ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ആറുമാസ കാലയളവിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 2.55 കോടി യാത്രക്കാരെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.8 ശതമാനം വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം വിമാനങ്ങൾ ഈ കാലളവിൽ ജിദ്ദ വിമാനത്താവളം വഴി സർവിസ് നടത്തി. 6.3 ശതമാനം വളർച്ചയാണ് സർവികളുടെ എണ്ണത്തിലുമുണ്ടായത്.
യാത്രക്കാരുടെ 2.94 കോടി ബാഗുകൾ ഈ കാലയളവിൽ വിമാനത്താവളത്തിൽ കൈകാര്യം ചെയ്തു. ഇക്കാര്യത്തിൽ 11.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 48 ലക്ഷം സംസം വാട്ടർ ബോട്ടിലുകളും ഇതേ കാലയളവിൽ ജിദ്ദ വിമാനത്താവളം വഴി യാത്രക്കാർ കൊണ്ടുപോയി. ഈ വർഷം ഏപ്രിൽ അഞ്ചിനാണ് ജിദ്ദ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവൃത്തി ദിനത്തിന് സാക്ഷ്യം വഹിച്ചത്. അന്നേ ദിവസം 1,78,000 യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മക്ക, മദീന പുണ്യ പ്രദേശങ്ങളിലേക്കുള്ള പ്രവേശന മാർഗം എന്ന നിലക്കും വിനോദസഞ്ചാരത്തിന്റെയും വ്യാപാരത്തിനെറയും ഒരു പ്രധാന ചാലകവുമെന്ന നിലക്ക് ഏറെ പ്രാധാന്യമുണ്ട്. 2030 ആകുമ്പോഴേക്കും ജിദ്ദ വിമാനത്താവളത്തിൽ പ്രതിവർഷം 10 കോടിയിലധികം യാത്രക്കാർക്ക് സേവനം നൽകുക, 25 ലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുക, 150 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക തുടങ്ങിയവയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.