ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ച ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള
ജിദ്ദ: വിവിധ സാംസ്കാരിക പരിപാടികളും സിനിമ പ്രദർശനങ്ങളും അനുബന്ധമായി ഒരുക്കിക്കൊണ്ട് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ‘ജിദ്ദ വായിക്കുന്നു’ എന്ന തലക്കെട്ടിൽ ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ച മേള ഡിസംബർ 20 വരെ നീണ്ടുനിൽക്കും. 24 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 400 പവലിയനുകളിലായി 1000ത്തിലധികം പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളുടെയും ഏജൻസികളും സ്വന്തം സ്റ്റാളുകളുമായി പങ്കെടുക്കുന്നു.
സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന കമീഷനാണ് സംഘാടകർ. രാജ്യത്തെ പ്രധാനപ്പെട്ട സാംസ്കാരിക വേദികളിലൊന്നാണ് ഈ മേള. പ്രസാധകർ, എഴുത്തുകാർ, വൈജ്ഞാനികർ എന്നിവർക്കുള്ള ലക്ഷ്യസ്ഥാനവും രാജ്യത്തിനകത്തും പുറത്തുമുള്ള പുസ്തകപ്രേമികൾക്ക് ഒരു കേന്ദ്രവുമാണ് ഇത്. പ്രാദേശികമായി നിർമിക്കുന്ന സിനിമകൾക്കായി പ്രത്യേക സെഷൻ മേള നഗരിയിലുണ്ടാവും. ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി മേളയിൽ ഉൾപ്പെടുത്തുന്നത്. ‘ലൈറ്റ് ഫോർ ഫിലിം സപ്പോർട്ട്’ പ്രോഗ്രാമിന്റെ പിന്തുണയോടെയും ഫിലിം കമീഷന്റെ പങ്കാളിത്തത്തോടെയും നിരൂപക പ്രശംസ നേടിയ സൗദി സിനിമകളുടെ ദൈനംദിന പ്രദർശനവും ഇതിൽ ഉൾപ്പെടുന്നു.
സൗദി സർഗാത്മകതയെ ആഘോഷിക്കുകയും എഴുത്ത്, ദൃശ്യം, ഓഡിയോ എന്നീ എല്ലാ രൂപങ്ങളിലുമുള്ള സാംസ്കാരിക വിവരണങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന ‘സിവാർ’, ‘ഹോബാൽ’, ‘സ്ലീക്’ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. കൂടാതെ സെമിനാറുകൾ, പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, കവിയരങ്ങുകൾ തുടങ്ങി 170ലധികം സാംസ്കാരിക പരിപാടികളും പ്രദർശനത്തിലുണ്ടാകും. പ്രമുഖ എഴുത്തുകാരുടെയും ചിന്തകരുടെയും നേതൃത്വത്തിൽ വിവിധ മേഖലകളിലായി നിരവധി വർക്ഷോപ്പുകൾ നടക്കും. കുട്ടികളുടെയും യുവാക്കളുടെയും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംസ്കാരവും വിനോദവും സംയോജിപ്പിക്കുന്ന സംവേദനാത്മക പരിപാടികളും ഉൾപ്പെടുന്നു. പ്രാദേശിക പ്രതിഭകളെ പിന്തുണക്കുന്നതിനായി സൗദി എഴുത്തുകാരുടെ കോർണറുണ്ടാകും. അതിൽ സ്വയം പ്രസിദ്ധീകരിച്ച കൃതികൾ പ്രദർശിപ്പിക്കും.
എഴുത്തുകാർ അവരുടെ കൃതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അവതരിപ്പിക്കും. പുസ്തക ഒപ്പിടൽ വേദികൾ എഴുത്തുകാരെ കാണാനും ഒപ്പിട്ട പകർപ്പുകൾ നേടാനുമുള്ള അവസരം നൽകും. സാംസ്കാരിക സംഘടനകൾ, സാമൂഹിക സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ പ്രദർശനത്തിൽ അവരുടെ സംരംഭങ്ങളും ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളും അവതരിപ്പിക്കും. പ്രദർശനത്തിൽ ആനിമേഷൻ ലോകങ്ങൾക്കായി ഒരു പ്രത്യേക കോർണറുണ്ടാകും. പരമ്പരാഗത കരകൗശല വസ്തുക്കൾ സന്ദർശകരെ പരിചയപ്പെടുത്തുകയും ദേശീയ പൈതൃകത്തിനും സൃഷ്ടിപരമായ വ്യവസായങ്ങൾക്കും പിന്തുണ നൽകുന്നതിനായി കരകൗശല വിദഗ്ധർക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള കോർണറും മേളയിലുണ്ടാകും.
പത്രപ്രവർത്തനം, ഡിജിറ്റൽ പ്രതിസന്ധി മാനേജ്മെന്റ്, കുട്ടികളുടെ കഥാരചന, വ്യക്തിഗത ബ്രാൻഡ് നിർമാണം, ഭാഷാപരവും മാനസികവുമായ വികാസത്തിൽ ആദ്യകാല വായനയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള അഞ്ച് വർക്ഷോപ്പുകളും പ്രദർശനത്തിൽ ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചക്ക് 12 മുതൽ പുലർച്ച 12 വരെയാണ് പ്രദർശനം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷം രണ്ടിനാണ് ആരംഭിക്കുക.
മേളയിൽ പുതിയ പരിപാടികൾ
ജിദ്ദ: പ്രസിദ്ധീകരണ വ്യവസായം വികസിപ്പിക്കുന്നതിലും സൃഷ്ടിപരമായ കഴിവുകളെ പിന്തുണക്കുന്നതിലും സൗദി പ്രസാധകരുടെയും എഴുത്തുകാരുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിലും അതോറിറ്റിയുടെ പുരോഗമന പാതയെ ഈ പ്രദർശനം പ്രതിഫലിപ്പിക്കുന്നുവെന്നും സൗദി പ്രസിദ്ധീകരണ വാർത്ത അതോറിറ്റി സി.ഇ.ഒ അബ്ദുൽ ലത്തീഫ് അൽവാസിലി പറഞ്ഞു.
പ്രാദേശിക സാഹിത്യത്തിന്റെ സാന്നിധ്യം വികസിപ്പിക്കുകയും സന്ദർശക അനുഭവം ഉയർത്തുന്ന ഉയർന്ന നിലവാരമുള്ള പരിപാടികൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന പുതിയ സംരംഭങ്ങൾ ഈ പതിപ്പിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

