പ്രവാസികളെ നാട്ടിലെത്തിക്കൽ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് എയർ ഇന്ത്യ ഇന്ന് സർവീസ് നടത്തി
text_fieldsജിദ്ദ: ദുരിതത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള രണ്ടാമത്തെ എയർ ഇന്ത്യ വിമാനം വെള്ളിഴാഴ്ച സർവീസ് നടത്തി. വിമാനത്തിൽ 146 മുതിർന്ന യാത്രക്കാരും 14 കൈക്കുഞ്ഞുങ്ങളുമാണ് യാത്രയായത്. മുതിർന്നവരിൽ 73 പേർ ഗർഭിണികളായിരുന്നു. 36 പേർ അടിയന്തിര ചികിത്സ ആവശ്യമുള്ളവരും 24 പേർ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായവരുമായിരുന്നു.
നേരത്തെ നിശ്ചയിച്ചതിലും 16 മിനുട്ട് നേരത്തെയാണ് എയർ ഇന്ത്യയുടെ AI 960 നമ്പർ A320 നിയോ എയർക്രാഫ്റ്റ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നത്. പ്രാദേശിക സമയം രാത്രി 11 മണിക്ക് വിമാനം കോഴിക്കോട്ടെത്തും. യാത്രക്കാരെ സഹായിക്കാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും കോൺസുൽ ഹംന മറിയത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകരും ജിദ്ദ വിമാനത്താവളത്തിലെത്തിയിരുന്നു.
ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള മൂന്നാമത്തെ വിമാനസർവീസ് നാളെ (ശനി) സർവീസ് നടത്തും. 149 പേർക്ക് നാളത്തെ വിമാനത്തിൽ ടിക്കറ്റ് ഇഷ്യൂ ചെയ്തിട്ടുണ്ട്. നാളെ വൈകുന്നേരം 3.30 നായിരിക്കും വിമാനം പുറപ്പെടുക. നേരത്തെ 319 പേർക്ക് യാത്രചെയ്യാവുന്ന വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും ഇന്നും നാളെയുമായി ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുക എന്നറിയിച്ചിരുന്നെങ്കിലും പിന്നീട് ചെറിയ വിമാനങ്ങളായി ചുരുക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജിദ്ദ പ്രവാസി സമൂഹത്തിൽ നിന്നും വിവിധ സംഘനകളിൽ നിന്നുമെല്ലാം കടുത്ത പ്രതിഷേധം ഉണ്ടാവുകയും നാട്ടിലെ വിവിധ ജനപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുകയുമെല്ലാം ചെയ്‌തെങ്കിലും തീരുമാനം പുനഃപരിശോധിക്കാൻ അധികാരികൾ തയ്യാറായില്ല. ഇതുമൂലം നേരത്തെ യാത്രക്ക് തയ്യാറായ 340 പേർക്കാണ് യാത്ര മുടങ്ങിയത്. ഇവരിൽ ഗർഭിണികളും അടിയന്തിര ചികിത്സ ആവശ്യമുള്ളവരുമെല്ലാം ബാക്കിയായിട്ടുണ്ട്.
ഇതിനിടക്ക് ശനിയാഴ്ച കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ഗർഭിണിയായ ത്വാഇഫിലെ ബ്ലെസി മാത്യു എന്ന യുവതി ഇന്ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. യാത്രക്കായി ഒരുങ്ങിയിരിക്കുന്ന നിരവധി ഗർഭിണികളുടെ അവസ്ഥയാണ് ഈ സംഭവത്തിലൂടെ വെളിച്ചത്തുവരുന്നത്. നേരത്തെ ഷെഡ്യൂൾ ചെയ്ത പ്രകാരം ജിദ്ദയിൽ നിന്നും വലിയ വിമാനങ്ങൾ തന്നെ അനുവദിച്ചു കൂടുതൽ സർവീസുകൾ നടത്താൻ അധികാരികൾ തയ്യാറാവണമെന്നാണ് സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികളുടെ ഒറ്റക്കെട്ടായ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.