‘ജിദ്ദ നടത്തം’; നടത്ത വ്യായാമപദ്ധതി ആരംഭിച്ച് ജിദ്ദ മുനിസിപ്പാലിറ്റി
text_fieldsജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിൽ ആരംഭിച്ച ‘ജിദ്ദ നടത്തം’ പരിപാടിയിൽനിന്ന്
ജിദ്ദ: പൊതുജനാരോഗ്യ സംരക്ഷണത്തിന് എല്ലാവരെയും വ്യായാമത്തിലേക്ക് ആകർഷിക്കാൻ നടത്ത വ്യായാമ പദ്ധതി ആരംഭിച്ച് ജിദ്ദ മുനിസിപ്പാലിറ്റി. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും വ്യായാമ നിരക്ക് വർധിപ്പിക്കുന്നതിനുമായി നഗരത്തിലെ പൊതുനടപ്പാതകളിലൂടെ ‘ജിദ്ദ നടത്തം’ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ആരോഗ്യ, കായിക മന്ത്രാലയങ്ങളും ‘വാക്കിങ് ചലഞ്ച്’ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. ‘വിഷൻ 2030’ന്റെ ഭാഗമായി ജീവിത നിലവാരം ഉയർത്തുന്നതിനും സമൂഹത്തിലെ അംഗങ്ങളെ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ജൂലൈ 19 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ രണ്ട് പ്രധാന പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് ‘60 മിനിറ്റ് ചലഞ്ച്’ ആണ്. പങ്കെടുക്കുന്നവർക്ക് അനുയോജ്യമായ സമയത്ത് അവർക്ക് ഇഷ്ടമുള്ള ഏത് നടപ്പാതയിലും ദിവസവും ഒരു മണിക്കൂർ നടക്കാം. രണ്ടാമത്തേത് ‘പോയിന്റ്സ് ചലഞ്ച്’ ആണ്.
ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിൽ ആരംഭിച്ച ‘ജിദ്ദ നടത്തം’ പരിപാടിയിൽനിന്ന്
അമീർ മാജിദ് പാർക്ക്, അൽ യമാമ, അൽ ഹംദാനിയ തുടങ്ങിയ പ്രധാന നടപ്പാതകളിൽ എല്ലാ ശനിയാഴ്ചകളിലും തങ്ങളുടെ മൊബൈൽ ഫോണിന്റെ കാമറ ഉപയോഗിച്ച് പോയിന്റുകൾ ശേഖരിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു ഇൻ ആപ് പ്രോത്സാഹന സംവിധാനമാണിത്.
പ്രോത്സാഹന സമ്മാനങ്ങളും പൊതുസൗകര്യങ്ങളും നടപ്പാതകളും പ്രയോജനപ്പെടുത്തി സമൂഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി കമ്യൂണിറ്റി റെസ്പോൺസിബിലിറ്റി ഡയറക്ടർ ജനറൽ ഹത്തൻ ഹമൂദേ പറഞ്ഞു. വിവിധ മേഖലകളുമായി സഹകരിച്ച് സാമൂഹിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കാൻ മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പാതകൾ സൃഷ്ടിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ജിദ്ദ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഒരു വിപുലീകരണം കൂടിയാണ് പുതിയ പദ്ധതി. സുരക്ഷിതവും ആരോഗ്യകരവും കായികസൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനും സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന ഗുണനിലവാരമുള്ള സംരംഭങ്ങൾ സ്വീകരിച്ചുകൊണ്ട് സമൂഹ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമൂഹിക സുസ്ഥിരത കൈവരിക്കുന്നതിനും മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.