ജുബൈൽ ദരീൻ കുന്നുകളിൽ തിരക്കേറുന്നു
text_fieldsജുബൈൽ ദരീൻ ഹിൽസിലെ ‘വണ്ടർ ഹിൽസ്’ ലൈറ്റ് ആൻഡ് ആർട്ട് ഫെസ്റ്റിവൽ
ജുബൈൽ: ജുബൈൽ റോയൽ കമീഷൻ മേഖലയിലെ ദരീൻ ബീച്ചിനോട് ചേർന്ന് അൽ തിലാൽ പാർക്കിൽ അരങ്ങേറുന്ന ലൈറ്റ് ആൻഡ് ആർട്ട് ഫെസ്റ്റിവൽ ‘വണ്ടർ ഹിൽസ്’-ൽ തിരക്കേറുന്നു. ആഴ്ചാവസാനം നിരവധി ആളുകളാണ് ആഘോഷങ്ങൾ ആസ്വദിക്കാനെത്തിയത്. നവംബർ ഒമ്പതിന് ആരംഭിച്ച ഉത്സവം ഡിസംബർ 23 വരെ തുടരും. പ്രധാന വേദിയുൾപ്പെടെ അഞ്ചിടങ്ങളിലായി വിവിധ കലാപരിപാടികളാണ് അരങ്ങേറുന്നത്.
റഷ്യൻ നൃത്തങ്ങൾക്ക് (ഫയർ ഡാൻസ്) പുറമെ ഓരോ ആഴ്ചകളിലും വ്യത്യസ്ത പരിപാടികളും ഉണ്ട്. കാർണിവലിനോടൊപ്പം സംഗീത–നൃത്ത പരിപാടികളും വാദ്യോപകരണ കലാപ്രകടനങ്ങളും നടക്കുന്നു. സൗദി അറേബ്യയുടെ തനതായ സംഗീത പരിപാടിയും അരങ്ങേറുന്നു.
മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി ഇത്തവണ ഇന്ത്യൻ കലാരൂപങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജുബൈലിൽ നൂപുരധ്വനി ആർട്സ് അക്കാദമിയുടെ ചെണ്ടമേളം, കൈകൊട്ടിക്കളി, തെയ്യം ഡാൻസ് തുടങ്ങിയ കേരളീയ കലാരൂപങ്ങൾ കാണികളെ ആകർഷിക്കുന്നുണ്ട്. രാത്രിയിൽ ദരീൻ കുന്നുകൾ ലൈറ്റുകളുടെ അലങ്കാര വൈവിധ്യങ്ങളിൽ പ്രഭാപൂരിതമാകും. കലാപ്രദർശനങ്ങൾ, ലൈവ് ഷോകൾ തുടങ്ങിയവയും സന്ദർശകരെ കാത്തിരിക്കുന്നു. കടൽത്തീരത്തോട് ചേർന്ന് ലേസർ, വാട്ടർ ഫൗണ്ടൻ കാഴ്ചകളും ആസ്വദിക്കാം. പലപ്പോഴായി നടക്കുന്ന ഡ്രോൺ ഷോയും ജുബൈലിൽ പുതിയ അനുഭവമാണ്.
കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യമായ നിരവധി വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. കുതിരസവാരി, ഗെയിം സോണുകൾ (പബ്ജി, കോകോ മെലൺ, ഷെർലക് ഹോംസ്, മിഡ് നൈറ്റ് ഡൈനർ തുടങ്ങിയവ), ഭക്ഷണശാലകളും കോഫി ഷോപ്പുകളും ഉണ്ട്. സന്ദർശന സമയം വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ്. Window ആപ്പ് വഴി ടിക്കറ്റുകൾ എടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

