ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ 2025
text_fieldsയാംബു: സമീപ വർഷങ്ങളിൽ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ചൂടേറിയ മാസമായി ഈ വർഷത്തെ ജൂലൈ മാസം മാറിയതായി റിപ്പോർട്ട്. ആഗോളതലത്തിൽ ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടർച്ചയായ പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയെന്ന് 'യൂറോപ്യൻ കോപ്പർനിക്കസ് ഒബ്സർവേറ്ററി' പ്രഖ്യാപിച്ചു.
ജൂലൈയിലെ ശരാശരി താപനില വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നും താപനില റെക്കോഡ് ചെയ്യുന്നത് ആരംഭിച്ചതിനുശേഷം കഴിഞ്ഞ മൂന്ന് ജൂലൈ മാസങ്ങൾ ഏറ്റവും ചൂടേറിയതായി തുടരുകയാണെന്നും വിവിധ കാലാവസ്ഥ നിരീക്ഷണാലയങ്ങൾ വിലയിരുത്തുന്നു. ഗൾഫ് രാജ്യങ്ങളിലും ചരിത്രത്തിൽ ഏറ്റവും കനത്ത ചൂടാണ് കഴിഞ്ഞ മാസം അനുഭവപ്പെട്ടത്. 51 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് കഴിഞ്ഞ മാസം ചില ഗൾഫ് രാജ്യങ്ങളിൽ ചൂട് രേഖപ്പെടുത്തിയത്.
ഗൾഫ് രാജ്യങ്ങൾ, ഇറാഖ്, തുർക്കി എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ നിലയിലാണ് രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ മാസം ചൈനയിലും പാകിസ്താനിലും നൂറുകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കനത്ത മഴയും വെള്ളപ്പൊക്കവും കാനഡയിൽ വ്യാപകമായ തീപിടിത്തങ്ങളും ഉണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു. സ്പെയിനിൽ ജൂലൈയിൽ ആയിരത്തിലധികം ആളുകളുടെ മരണത്തിന് കാലാവസ്ഥ വ്യതിയാനം കാരണമായി. യൂറോപ്പിന്റെ പകുതിയിലധികം പ്രദേശങ്ങളിലും അഭൂതപൂർവമായ വരൾച്ച രേഖപ്പെടുത്തിയതായും അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ താപനില കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
സമുദ്രജലത്തിലെ താപനില മൂന്നാമത്തെ ഉയർന്ന നിലയിലെത്തി. ധ്രുവങ്ങളിലെ കടൽ ഹിമത്തിന്റെ വ്യാപ്തി ഉപഗ്രഹ നിരീക്ഷണം ആരംഭിച്ചതിനുശേഷം ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. റെക്കോഡ് ഭേദിക്കുന്ന താപനിലയിലെ സമീപകാല മാന്ദ്യം താൽകാലികമാണെന്ന് വിദഗ്ധർ ഊന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.