റിയാദിൽ കാണാതായ കന്യാകുമാരി സ്വദേശി മരിച്ച നിലയിൽ
text_fieldsറിയാദ്: നജ്റാനിൽ നിന്ന് റിയാദിലെത്തി മൂന്നാഴ്ച മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ജൂലൈ 25ന് നജ്റാനിൽ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം കാണാതായ കന്യാകുമാരിയിലെ അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോൺ സേവ്യറിന്‍റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ളതെന്ന് കണ്ടെത്തിയത്.
അസീസിയ പൊലീസ് സ്റ്റേഷനിൽനിന്ന് ഇന്ത്യൻ എംബസിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ മോർച്ചറിയിലെത്തി തിരിച്ചറിയുകയായിരുന്നു. ജൂലൈ 29ാം തീയതി മരിച്ചതായാണ് പൊലീസ് രേഖകളിൽ പറയുന്നത്. അസീസിയ ബസ് സ്റ്റേഷന് സമീപമുള്ള റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2022 ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യത വന്നുചേരുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തെൻറ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കഴിഞ്ഞില്ല. ഇതോടെ വലിയ മാനസികപ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്റ്റാൻഡിൽനിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നു പറയുകയായിരുന്നത്രെ.
അതാണ് ഒടുവിലത്തെ വിവരം. പിന്നീട് ആളെ കുറിച്ച് ഒരു വിവരവുമില്ലാതാവുകയായിരുന്നു. വരാൻ പറഞ്ഞ് സുഹൃത്ത് ചതിച്ചതിനെ തുടർന്നുണ്ടായ മാനസികാഘാതം കൊണ്ടായിരിക്കാം പിന്നീട് അസീസിയ ഭാഗത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായും ചില വിവരങ്ങൾ കിട്ടി. ഒരാൾ ഇങ്ങനെ അലഞ്ഞുതിരിയുന്നതിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അസീസിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക അന്വേഷണം തുടരുകയായിരുന്നു. ഇത് സംബന്ധിച്ച് ‘ഗൾഫ് മാധ്യമ’വും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടയിലാണ് എംബസിയിൽ വിവരം ലഭിക്കുന്നതും മോർച്ചറിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അനന്തര നടപടികൾക്കും മൃതദേഹം നാട്ടിൽ അയക്കുന്നതിനും സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂരും സാലി എം. സാലിയും രംഗത്തുണ്ട്. സുമതിയാണ് ജോൺ സേവ്യറിന്‍റെ അമ്മ. ഭാര്യ: ശ്രീകുമാരി, മക്കൾ: താജിൽ, തർഷിൻ ജെന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.